25 November, 2024 09:09:38 AM


കളമശേരിയിലെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരിയുടെ കൊലപാതകം; പ്രതി പിടിയില്‍



കൊച്ചി: കളമശേരിയില്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. കാക്കനാട് സ്വദേശിയായ ഗിരീഷ് കുമാര്‍ ആണ് പിടിയിലായത്. ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരനാണ് അറസ്റ്റിലായ ഗിരീഷ് കുമാര്‍.

ജെയ്‌സിയുടെ സ്വര്‍ണ്ണവും പണവും മോഷ്ടിക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ജെയ്‌സി എബ്രഹാമിന്റെ പരിചയക്കാരന്‍ കൂടിയാണ് ഗിരീഷ്. ഹെല്‍മെറ്റ് ധരിച്ച് അപ്പാര്‍ട്‌മെന്റില്‍ എത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.

കൊലപാതകം നടന്ന ദിവസം ഇയാള്‍ അപ്പാര്‍ട്ട്‌മെന്റിലേക്കെത്തുന്നതും രണ്ടു മണിക്കൂറിന് ശേഷം തിരിച്ചു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ജെയ്‌സിയുടെ ആഭരണങ്ങളും രണ്ടു മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടിരുന്നു. തലയില്‍ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നില്‍ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

ഭര്‍ത്താവുമായി അകന്നു കഴിയുന്ന ജെയ്‌സി ഒരു വര്‍ഷമായി കളമശ്ശേരിയിലെ ഈ അപ്പാര്‍ട്ടമെന്റിലാണ് താമസം. കാനഡയിലുള്ള ജെയ്‌സിയുടെ മകള്‍ നാട്ടിലെത്തിയിട്ടുണ്ട്. കളമശ്ശേരി കൂനംതൈയിലെ അപ്പാര്‍ട്‌മെന്റിലാണ് ജെയ്‌സിയെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവം കൊലപാതകമെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. ശുചിമുറിയില്‍ ആയിരുന്നു ജെയ്‌സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാനഡയില്‍ ജോലിയുള്ള ഏക മകള്‍ അമ്മയെ ഫോണില്‍ വിളിച്ചു കിട്ടാതായപ്പോള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

തലയിലുള്ള ആഴത്തിലുള്ള മുറിവു കണ്ടതോടെ പൊലീസിനു കൊലപാതകമാണോ എന്ന് ആദ്യഘട്ടത്തില്‍ തന്നെ സംശയമുണ്ടായിരുന്നു. മുഖം വികൃതമായ രീതിയിലായിരുന്നു. കളമശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K