23 November, 2024 02:17:12 PM
ഹരിതകർമ്മസേനയുടെ യൂസർ ഫീയിൽ വർധനവ് വരുത്താൻ സർക്കാർ നിർദേശം
സ്വന്തം ലേഖിക
കോട്ടയം : ഹരിതകർമ്മസേനയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും അംഗങ്ങൾക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തുന്നതിനുമായി യൂസർ ഫീ (സേവന പ്രതിഫല തുക) നിരക്കുകളിൽ പുതിയ മാർഗ്ഗരേഖ പുറപ്പെടുവിച്ച് സർക്കാർ.
വീടുകളിൽ നിന്ന് അജൈവ വസ്തുക്കൾ ശേഖരിക്കുന്നതിന് ഗ്രാമപഞ്ചായത്തുകളിൽ കുറഞ്ഞത് പ്രതിമാസം 50/- രൂപയും നഗരസഭകളിൽ 70/- രൂപയും എന്നത് തുടരും. സ്ഥാപനങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്ന നിരക്ക് പ്രതിമാസം 100/-രൂപയാണ്. എന്നാൽ ഉത്പാദിപ്പിക്കുന്ന മാലിന്യത്തിന് ആനുപാതികമായും പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കനുസരിച്ചും നിരക്ക് വ്യത്യാസപ്പെടും. ഇത്തരത്തിൽ നിശ്ചയിക്കുന്ന നിരക്ക് ഭരണസമിതി തീരുമാനമെടുത്ത് പ്രസിദ്ധീകരിക്കേണ്ടതാണ്.
വലിയ അളവിൽ മാലിന്യം ഉത്പ്പാദിപ്പിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും പ്രതിമാസം 5 ചാക്ക് മാലിന്യം വരെ കുറഞ്ഞത് ആകെ 100/- രൂപ എന്ന നിരക്കിൽ ശേഖരിക്കും. അധികമായി വരുന്ന ഓരോ ചാക്കിനും കുറഞ്ഞത് 100/- രൂപ അധികമായി ഈടാക്കാം. ചാക്കിൻ്റെ പരമാവധി വലുപ്പം 65x80 സെ മീ ആയിരിക്കുന്നതാണ്.
ജൈവ മാലിന്യം ശേഖരിക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും തൂക്കത്തിന് ആനുപാതികമായും തുക ഈടാക്കാം. ഓരോ കിലോക്കും ഏറ്റവും കുറഞ്ഞ തുക 7/- രൂപയായി നിശ്ചയിക്കേണ്ടതാണ്. എന്നാൽ ഓരോ സ്ഥലത്തിൻ്റെയും പ്രത്യേകതയും സാധ്യതയും പരിഗണിച്ച് ഉയർന്ന നിരക്ക് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് നിശ്ചയിക്കാവുന്നതുമാണ് .ഇത്തരത്തിൽ നിശ്ചയിക്കുന്ന നിരക്ക് കൃത്യമായി പ്രസിദ്ധീകരിക്കണം.
വീടുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ ഉടമകൾ യൂസർ ഫീസ് നൽകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെയും ചുമതല തദ്ദേശസ്ഥാപനത്തിനായിരിക്കുന്നതാണ്. പ്രതിമാസ യൂസർഫീസ് നൽകാതിരിക്കുന്ന ഉടമകളിൽ നിന്ന് യൂസർ ഫീസ് കുടിശ്ശിക വസ്തു നികുതി ഈടാക്കുന്നതുപോലെ ഈടാക്കണം. ഇത്തരത്തിൽ ഓരോ മാസവും ഈടാക്കുന്ന തുക എത്രയെന്ന് തദ്ദേശസ്ഥാപന സെക്രട്ടറി തിട്ടപ്പെടുത്തുകയും ആയത് തൊട്ടടുത്ത മാസത്തെ അഞ്ചാമത്തെ പ്രവർത്തി ദിവസത്തിനുള്ളിൽ ഹരിതകർമ്മസേന കൺസോർഷ്യം അക്കൌണ്ടിലേക്ക് കൈമാറേണ്ടതുമാണ്.
ഹരിതകർമ്മസേന യൂസർഫീ കളക്ഷൻ ഉപയോഗിക്കുന്ന രസീത് ഏകീകൃത രൂപത്തിൽ ആയിരിക്കേണ്ടതാണ്. രസീത് അച്ചടിച്ചു നൽകേണ്ടതിന്റെയും കൃത്യമായി രേഖപ്പെടുത്തി ഹരിതകർമ്മസേന കൺസോർഷ്യം ഭാരവാഹികൾക്ക് കൈമാറുന്നതിൻ്റെയും ഉത്തരവാദിത്വം തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് ആയിരിക്കും.