22 November, 2024 10:45:28 AM


മലപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവം; നാല് പേര്‍ പിടിയില്‍



മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ നാലുപേര്‍ കസ്റ്റഡിയില്‍. കണ്ണൂര്‍, തൃശൂര്‍ സ്വദേശികളായ നാലുപേരെയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കവര്‍ച്ചാസംഘത്തില്‍ അഞ്ചുപേര്‍ കൂടിയുണ്ടെന്നാണ് വിവരം.

കണ്ണൂര്‍ സ്വദേശികളായ പ്രഭുലാല്‍, ലിജിന്‍രാജന്‍, തൃശൂര്‍ വരന്തരപ്പള്ളി സ്വദേശികളായ നിഖില്‍, സജിത് സതീശന്‍ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരില്‍ നിന്നും കവര്‍ന്ന സ്വര്‍ണം കണ്ടെടുത്തിട്ടില്ല. കവര്‍ച്ചാ സംഘത്തിലെ മറ്റു സംഘാംഗങ്ങള്‍ക്കായി പൊലീസ് ഊര്‍ജ്ജിത തിരച്ചില്‍ നടത്തി വരികയാണ്.

എം കെ ജ്വല്ലറി ഉടമ കിണാത്തിയില്‍ യൂസഫ്(50) അനുജന്‍ ഷാനവാസ് എന്നിവരെയാണ് ആക്രമിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവരുകയായിരുന്നു. രണ്ടരക്കോടി രൂപയിലേറെ വില വരുന്ന സ്വർണമാണ് കവർന്നത്. പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ അലങ്കാര്‍ തിയേറ്ററിന് സമീപം രാത്രി 8.45 നാണ് സംഭവം.

പതിവുപോലെ ജ്വല്ലറി അടച്ചശേഷം സ്വർണാഭരണങ്ങളുമായി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്നു യൂസഫും സഹോദരനും. കാറിൽ ഇരുവരെയും പിന്തുടര്‍ന്നെത്തിയ സംഘം സ്‌കൂട്ടര്‍ ഇടിച്ചിടുകയായിരുന്നു. യൂസഫിന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിക്കുകയും മുഖത്തിടിക്കുകയും ചെയ്തശേഷം സ്വര്‍ണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു. കെ എം ജ്വല്ലറി ബില്‍ഡിങ് ഓടിട്ട കെട്ടിടത്തിലായതിനാല്‍ ആഭരണങ്ങള്‍ കടയില്‍ സൂക്ഷിക്കാതെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു പതിവ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K