22 November, 2024 08:39:59 AM


നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം: 3 സഹപാഠികള്‍ അറസ്റ്റില്‍, ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി



പത്തനംതിട്ട: നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണത്തില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ അറസ്റ്റില്‍. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ ടി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നല്‍കിയിരുന്നു. മൂവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി.

മൂന്ന് പേരും അമ്മുവിന്റെ സഹപാഠികളാണ്. അതേസമയം, അമ്മുവിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സര്‍ക്കാരിനെ സമീപിക്കും. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളജിലെ അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിക്കുന്നത്.

കോളജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവ് ആരോപിക്കുകയാണ് കുടുംബം. സഹപാഠികളായ വിദ്യാര്‍ത്ഥിനികളും അമ്മു സജീവനുമായി ഉണ്ടായിരുന്ന പ്രശ്‌നത്തില്‍ പരാതി നല്‍കിയിട്ടും ഇടപെടാനോ പരിഹരിക്കാനോ കോളജ് അധികൃതര്‍ ശ്രമിച്ചില്ല. പ്രശ്‌നങ്ങളെല്ലം തീര്‍ന്നിരുന്നുവെന്ന കോളജ് അധികാരികളുടെ നിലപാടും അമ്മുവിന്റെ കുടുംബം തള്ളി.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളജിലെ അവസാന വർഷ നഴ്സിങ് വിദ്യാർഥിനി അമ്മു സജീവ് താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിക്കുന്നത്. അമ്മുവിന്‍റെ സഹോദരൻ അഖിലിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തിയ പത്തനംതിട്ട പൊലീസ് മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ആരോപണവിധേയരായ പെൺകുട്ടികളുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. അമ്മുവിന്‍റെ മരണം ആത്മഹത്യയെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. ക്ലാസിൽ സഹപാഠികൾ തമ്മിലുണ്ടായ ഭിന്നത ആത്മഹത്യയിലേക്ക് അമ്മുവിനെ നയിച്ചു എന്നാണ് പൊലീസ് നി​ഗമനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K