18 November, 2024 01:27:47 PM


ഗുജറാത്തിൽ റാഗിങ്ങിനിടെ എംബിബിഎസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു



അഹ്മദാബാദ്: ഗുജറാത്തിലെ മെഡിക്കൽ കോളേജിലെ സീനിയർ വിദ്യാർഥികളുടെ റാഗിങിനിടെ എംബിബിഎസ് ഒന്നാം വർഷ വിദ്യാർത്ഥി മരിച്ചു. ധർപൂർ പതാനിലെ ജിഎംഇആർഎസ് മെഡിക്കൽ കോളേജിലാണ് സംഭവം. 18 വയസുകാരനായ അനിൽ മെതാനിയ ആണ് മരിച്ചത്. റാഗിങിനായി അനിൽ ഉൾപ്പെടെയുള്ള ഒന്നാം വർഷ വിദ്യാർഥികളെ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികൾ മൂന്ന് മണിക്കൂറോളം പ്രത്യേക പൊസിഷനിൽ നിർത്തിയെന്നാണ് ആരോപണം.


പുതിയ വിദ്യാർഥികളെ പരിചയപ്പെടാനെന്ന പേരിലാണ് റാഗിങ് നടന്നത്. ഏറെ നേരം നിർത്തിയിരുന്നപ്പോൾ അനിൽ കുഴ‍ഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ശേഷമേ മരണ കാരണം വ്യക്തമാവൂ എന്ന് പൊലീസ് പറഞ്ഞു.  അനിലിന്റെ ഒരു ബന്ധു ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിൽ താമസിക്കുന്നുണ്ട്. അദ്ദേഹത്തെ കോളേജിൽ നിന്ന് വിളിച്ച് അനിൽ കുഴഞ്ഞുവീണെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അറിയിച്ചത്. 

ആശുപത്രിയിൽ എത്തിയപ്പോഴാണ് ക്രൂരമായ റാഗിങ് നടന്നതായി മനസിലായതെന്ന് ബന്ധു പറഞ്ഞു. വിദ്യാർത്ഥി കുഴഞ്ഞുവീണപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചതായും പൊലീസിലും ബന്ധുക്കളെയും വിവരമറിയിച്ചതായും കോളേജ് ഡീൻ ഹർദിക് ഷാ പറഞ്ഞു. സംഭവത്തിൽ കർശന നടപടിയെടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കോളേജിൽ നിന്ന് പൊലീസ് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 15 സീനിയർ വിദ്യാർത്ഥികളെ പ്രതിയാക്കിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K