11 November, 2024 11:30:21 AM
സീപ്ലെയിൻ കൊച്ചി കായലിൽ നിന്ന് പറന്നുയർന്നു; ഫ്ലാഗ് ഓഫ് ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്
കൊച്ചി: വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ പ്രതീക്ഷ നൽകി കേരളത്തിലെ ആദ്യ സീപ്ലെയിൻ ബോൾഗാട്ടി മറീനയിൽ നിന്നും മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷണ പറക്കൽ നടത്തി. മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവരുമായി ബോൾഗാട്ടിയിൽ തന്നെ ഒരു റൗണ്ട് യാത്ര നടത്തി അവരെ തിരിച്ചിറക്കിയ ശേഷമാണ് മാട്ടുപ്പെട്ടിയിലേക്ക് സീ പ്ലെയിൻ പുറപ്പെട്ടത്.
മൈസൂരുവിൽ നിന്നാണ് സീപ്ലെയിൻ ഇന്നലെ കൊച്ചിയിലെത്തിയത്. കരയിലും വെള്ളത്തിലും ഒരുപോലെ പറന്നിറങ്ങാനും ഉയരാനും ശേഷിയുള്ള ആംഫിബിയസ് എയർക്രാഫ്റ്റാണിത്. ഒരു സമയം 15 പേർക്ക് ജലവിമാനത്തിൽ യാത്ര ചെയ്യാം. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ടിനാണ് സംസ്ഥാന സർക്കാർ ജലവിമാനം കൊണ്ട് ലക്ഷ്യമിടുന്നത്. കൊച്ചി കായലിൽ പറന്നിറങ്ങിയ വൈമാനികർക്ക് സംസ്ഥാന സർക്കാർ സ്വീകരണം നൽകിയിരുന്നു.
ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ് പരീക്ഷണ പാറക്കലിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചത്. പത്ത് മിനുട്ടോളം കൊച്ചിയിലെ ആകാശത്ത് പറന്ന് വീണ്ടും കൊച്ചി കായലിലേക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് നേരെ മാട്ടുപ്പെട്ടി അണക്കെട്ടിലേക്ക് പോയി. അതേസമയം, സീപ്ലെയിൻ സർവീസിൽ മത്സ്യത്തൊഴിലാളികൾക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ധനികർക്ക് വേണ്ടി മാത്രമുള്ള പദ്ധതിയല്ല ഇത്. വിനോദസഞ്ചാര മേഖലയുടെ നാഴികക്കല്ലാണ്. ജനകീയ പദ്ധതിയായി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.