07 November, 2024 04:44:15 PM


ഹേമ കമ്മിറ്റി റിപ്പോർട്ട്: അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി



കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിയമ നിർമാണം നടത്തുന്നതിന് സർക്കാരിനെ സഹായിക്കാൻ കരട് നിർദേശങ്ങൾ സമർപ്പിക്കാമെന്ന് ഹൈക്കോടതി . ഹർജി നൽകിയിട്ടുള്ള കക്ഷികളും താൽപര്യമുള്ളവരും കാഴ്ചപ്പാട് പങ്കുവെയ്ക്കണം. ഇത് ക്രോഡീകരിക്കാനായി അമിക്കസ് ക്യൂറിയായി അഡ്വ. മിത സുരേന്ദ്രനെ നിയമിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിൽ സർക്കാർ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു.റിപ്പോർട്ടിൽ പറയുന്ന 26 സംഭവങ്ങളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയത് അന്വേഷണം തുടരുന്നു. ചില മൊഴികളിൽ പ്രാഥമിക അന്വേഷണം നടക്കുന്നുവെന്നും സർക്കാർ അറിയിച്ചു.

മൊഴി നൽകിയ അഞ്ചുപേർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അറിയിച്ചു. രജിസ്റ്റർ ചെയ്ത മൂന്നു കേസുകളിൽ, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉള്ളത് തങ്ങൾ നൽകിയ മൊഴി അല്ലെന്ന് ഇരകൾ പറഞ്ഞതായും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു.

നിയമ നിർമാണത്തിന്റെ കരട് തയ്യാറാക്കിയിട്ടുണ്ടെന്ന് ഡബ്ല്യൂ.സി.സി കോടതിയെ അറിയിച്ചു. ഇത് സംസ്ഥാന സർക്കാരിന് കൈമാറാമെന്ന് കോടതി വ്യക്തമാക്കി. ഡിസംബർ 31ന് മുൻപ് തന്നെ അന്വേഷണം പൂർത്തിയാക്കും എന്ന് പ്രതീക്ഷിക്കുന്നതായി കോടതി പറഞ്ഞു. ഹർജി 21ന് പരിഗണിക്കാൻ മാറ്റി. കൾച്ചറൽ അക്കാദമി ഫോർ പീസ് എന്ന സംഘടന കക്ഷി ചേരാൻ നൽകിയ അപേക്ഷ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 952