05 November, 2024 11:53:00 AM


അരമണിക്കൂറിൽ അധികം റോഡിൽ രക്തം വാർന്ന് കിടന്നു; ആരും തിരിഞ്ഞുനോക്കിയില്ല, യുവാവിന് ദാരുണാന്ത്യം



തിരുവനന്തപുരം: വാഹനം അപകടത്തിൽപെട്ട് അരമണിക്കൂറോളം വഴിയിൽ കിടന്ന യുവാവിന് ദാരുണാന്ത്യം. മാറനല്ലൂർ സ്വദേശി വിവേക് (23) ആണ് മരിച്ചത്. നാട്ടുകാരും പൊലീസും സമയോചിതമായ ഇടപെടൽ നടത്താത്തത് മൂലമാണ് യുവാവിന് ജീവൻ നഷ്ടമായതെന്ന് പരാതിയുണ്ട്. ഇക്കഴിഞ്ഞ മൂന്നാം തീയതി രാത്രി 12.40 നാണ് മാറനല്ലൂർ മലവിള പാലത്തിന് സമീപം യുവാവ് സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടത്.

ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. അരമണിക്കൂറിൽ അധികമാണ് യുവാവ് റോഡിൽ രക്തം വാർന്ന് കിടന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. അരമണിക്കൂറിൽ അധികം ആളുകൾ നോക്കി നിന്ന ശേഷമാണ് ആംബുലൻസ് എത്തിച്ചത്.

വിവരം അറിഞ്ഞ് മാറനല്ലൂർ പൊലീസ് സംഭവസ്ഥലത്തെത്തി 15 മിനിറ്റ് കഴിഞ്ഞാണ് ആംബുലൻസിൽ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടന്ന് 35 മിനിറ്റിന് ശേഷമാണ് യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K