02 November, 2024 07:26:03 PM
റേഷൻ കാർഡ് മസ്റ്ററിങ് നവംബർ 30വരെ നീട്ടി
തിരുവനന്തപുരം: റേഷൻകാർഡ് മസ്റ്ററിംഗിന്റെ സമയപരിധി വീണ്ടും നീട്ടി. മസ്റ്ററിംഗ് പൂർത്തിയാക്കാത്ത മുൻഗണനാ വിഭാഗക്കാർക്ക് നവംബർ 30വരെ മസ്റ്ററിംഗ് ചെയ്യാമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. മുൻഗണനാ വിഭാഗത്തിൽപ്പെട്ട മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കിയിരിക്കുന്നത്. മുഴുവൻ പേരുടേയും മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ് നവംബർ 30വരെ സമയപരിധി നീട്ടിയതെന്ന് മന്ത്രി പറഞ്ഞു.
മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകൾക്ക് മസ്റ്ററിംഗിനായി നവംബർ അഞ്ച് വരെയായിരുന്നു നേരത്തെ സമയപരിധി. അതാണ് ഇപ്പോൾ നവംബർ 30 വരെ നീട്ടിയിരിക്കുന്നത്. ഐറിസ് സ്കാനർ സംവിധാനം ഉപയോഗിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മൊബൈൽ ആപ്പ് വഴി മസ്റ്ററിംഗ് ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. ഇതിലൂടെ 100 ശതമാനം മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നത്.
മസ്റ്ററിംഗ് പൂർത്തിയാക്കാത്ത ഒരാൾക്കും സംസ്ഥാനത്ത് അരി നിഷേധിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. മേരാ കെവൈസി (Mera eKYC) ആപ്പാണ് മസ്റ്ററിംഗിനായി കേരളം ഉപയോഗിക്കുന്നത്. നവംബർ 11 മുതൽ ഈ ആപ്പിലൂടെ മസ്റ്ററിംഗ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഇതിന്റെ കൂടെ ആധാർ ഫേസ്ആർഡി (Aadhar FaceRD) ആപ്പും ഡൗൺലോഡ് ചെയ്യണം. ആപ്പ് സ്റ്റോറിൽ നിന്ന് ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.