25 October, 2024 06:29:51 PM


പാര്‍ട്ടി വിട്ടെന്ന് പറഞ്ഞ ഷുക്കൂര്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍



പാലക്കാട്: പാലക്കാട്ടെ സിപിഐഎം നേതാവ് അബ്ദുൾ ഷുക്കൂര്‍ പാര്‍ട്ടി വിട്ടിട്ടില്ല. നേതാക്കള്‍ ഷുക്കൂറിനെ കണ്ട് അനുയിപ്പിച്ചു. തുടര്‍ന്ന് മണ്ഡലം കണ്‍വെന്‍ഷന്‍ നടക്കുന്ന വേദിയില്‍ ഷുക്കൂര്‍ നേതാക്കള്‍ക്കൊപ്പമെത്തി. സിപിഐഎം മുതിര്‍ന്ന നേതാക്കള്‍ അബ്ദുൾ ഷുക്കൂറുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നാണ് സൂചന.

അതേസമയം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ചു. 'സിപിഐഎമ്മില്‍ പൊട്ടിത്തെറിയെന്ന് വാര്‍ത്ത നല്‍കിയതില്‍ ലജ്ജിച്ച് തലത്താഴ്ത്തുക. രാവിലെ മുതല്‍ ഇപ്പോഴും ഇറച്ചിക്കടയുടെ മുന്നില്‍ പട്ടി നില്‍ക്കുന്നത് പോലെ ഷുക്കൂറിന്റെ വീട്ടിന് മുന്നില്‍ കാത്ത് നിന്നവര്‍ ലജ്ജിച്ച് തലത്താഴ്ത്തുക', എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഷുക്കൂറിനെ നിങ്ങള്‍ക്ക് അറിയില്ലെന്നും ഷുക്കൂറിനൊന്നും പറയാനില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. ഷുക്കൂറിനോട് പ്രതികരണം തേടിയതിനെയും കൃഷ്ണദാസ് തടഞ്ഞു. ഷുക്കൂറിനുവേണ്ടി താന്‍ സംസാരിക്കുമെന്നായിരുന്നു മറുപടി. പാലക്കാട്ടെ സിപിഎമ്മിന്റെ രോമത്തില്‍ തൊടാനുള്ള ശേഷി ആര്‍ക്കുമില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. 'എനിക്ക് ഇഷ്ടമുള്ളിടത്ത് താന്‍ പോകും. അതൊന്നും മാധ്യമങ്ങളോട് പറയേണ്ടതില്ല. പാലക്കാട് ഏത് വിട്ടിലും എനിക്ക് പോകാം. ഇറച്ചിക്കടയുടെ മുന്നില്‍ പട്ടിനില്‍ക്കുംപോലെ പോയി നില്‍ക്ക്. മതി, മതി പോയ്‌ക്കോ' - കൃഷ്ണദാസ് പറഞ്ഞു.

അതേസമയം, പാര്‍ട്ടിവിട്ട ഏരിയാ കമ്മിറ്റി അംഗം അബ്ദുള്‍ ഷുക്കൂറിനെ നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് സിപിഎം നേതൃത്വം ഒപ്പം നിര്‍ത്തി. സിപിഎം ജില്ലാ സെകട്ടറിയുടെ ഏകാധിപത്യവും പാര്‍ട്ടിയില്‍ നിന്നുള്ള അവഗണനയുമാണ് തീരുമാനത്തിന് കാരണമെന്ന് പ്രതികരിച്ചാണ് ഷുക്കൂര്‍ ഇടഞ്ഞു നിന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ അനുനയ നീക്കം ഫലം കണ്ടതോടെ ഇന്ന് വൈകിട്ടത്തെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ അബ്ദുള്‍ ഷുക്കൂര്‍ പങ്കെടുത്തു. പാലക്കാട് ഓട്ടോ ടാക്‌സി യൂണിയന്‍ ജില്ലാ ട്രഷററും മുന്‍ നഗരസഭ കൗണ്‍സിലറുമാണ് ഷുക്കൂര്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K