17 October, 2024 02:27:59 PM


ഇനി ഇടതുപക്ഷത്തിനൊപ്പം; സിപിഎം ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിയാകും - പി സരിന്‍



പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പി സരിന്‍. സിപിഎം ആവശ്യപ്പെട്ടാല്‍ ഇടതുസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും സരിന്‍ പാലക്കാട് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയമായി ബിജെപിയെ എതിരിടാന്‍ കോണ്‍ഗ്രസ് കേരളത്തില്‍ അശക്തമാണ്. അശക്തമാക്കിയത് ആരാണെന്ന് തെളിവ് സഹിതം പറഞ്ഞിട്ടുണ്ടെന്നും സരിന്‍ പറഞ്ഞു.

ഇനി തനിക്ക് കോണ്‍ഗ്രസിലേക്ക് ഒരു തിരിച്ചുവരവ് സാധ്യമാകുമോയെന്ന് അറിയില്ല. ഇടതുപക്ഷമെന്നത് ഒരു മനോഭാവമാണ്. താന്‍ കോണ്‍ഗ്രസില്‍ ഇടതുപക്ഷമായിരുന്നു. കോണ്‍ഗ്രസിലെ ഇടതുപക്ഷത്ത് തനിക്ക് സ്ഥാനമില്ലെങ്കില്‍ യഥാര്‍ഥ ഇടതുപക്ഷത്തിന്റെ ഇടയില്‍ താന്‍ എന്റെ സ്ഥാനം അന്വേഷിക്കുകയാണെന്ന് സരിന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ പുഴുക്കുത്തകുളെ കുറിച്ച് സംസാരിച്ചതിന്റെ പേരില്‍ താന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തായിരിക്കുന്നു. മൃദുബിജെപി സമീപനത്തില്‍ വോട്ടുകച്ചവടം കോണ്‍ഗ്രസ് നടത്തുന്നത് എങ്ങനെയാണെന്ന തുറന്നുപറഞ്ഞതിന്റെ പേരില്‍ പുറത്തുനില്‍ക്കുകയാണ്. ഇനി എന്റെ ഇടം എല്‍ഡിഎഫ് ആണ്. അവിടെ എനിക്ക് ഒരു ഇടമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് സരിന്‍ പറഞ്ഞു. 

തന്നെ ഒരു തലവേദനായി കോണ്‍ഗ്രസുകാര്‍ കരുതരുത്. തലവേദനയ്ക്കുള്ള മരുന്നാണ്. തന്നെ നല്ല രീതിയില്‍ ഉപയോഗിച്ചാല്‍ കോണ്‍ഗ്രസിന്റെ തലവേദന എന്നെന്നേക്കുമായി മാറും. മൃദു ബിജെപി സമീപനത്തിലൂടെ ചില കാര്യങ്ങള്‍ മാത്രം നേടിയെടുക്കുന്ന കോണ്‍ഗ്രസിന്റെ രീതിയോട് പൊരുത്തപ്പെടാനാവില്ല. സിപിഎം വിരുദ്ധത അളിക്കത്തിക്കലാണ് സതീശന്‍ മോഡല്‍. രാഷ്ട്രീയമായി ബിജെപിയെ നേരിടാന്‍ എന്താണ് കോണ്‍ഗ്രസ് ചെയ്തത്. ആര് ആരെയാണ് വളര്‍ത്തുന്നതിന്റെ ഉത്തരമായിരിക്കും പാലക്കാട് തെരഞ്ഞെടുപ്പ് ഫലം.

ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ഐക്യമുണ്ടാക്കി ബിജെപിക്കെതിരെ സമരം ചെയ്തു. അങ്ങനെ ചെയ്താല്‍ പ്രതിപക്ഷത്തിന് വിലയില്ലെന്ന് വരുത്തി. ബിജെപിയെ അല്ല സിപിഎമ്മിനെ ആണ് നേരിടേണ്ടതെന്ന് വരുത്താനുള്ള ശ്രമം നടത്തി. സിപിഎം വിരുദ്ധതയുടെ മേലങ്കിയണിഞ്ഞ് മൃദു ബിജെപി സമീപനത്തിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ അപകടപ്പെടുത്തുന്ന രീതിയിലേക്ക് സതീശന്‍ വഴിതിരിച്ചുവിട്ടു. ഇത് ചോദ്യംചെയ്തില്ലെങ്കില്‍ കോണ്‍ഗ്രസ് തകരുമെന്നും സരിന്‍ പറഞ്ഞു.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K