14 October, 2024 04:34:51 PM


'പ്രധാനമന്ത്രി വയനാട്ടിൽ എത്തിയത് ഫോട്ടോ ഷൂട്ടിനാണോ?; വിമര്‍ശനവുമായി ടി സിദ്ദിഖ്



തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഇനിയും മുക്തമായിട്ടില്ലെന്ന് ടി സിദ്ദിഖ് എംഎല്‍എ. 2024 ജൂലൈ 30 ന് പുലര്‍ച്ചെയാണ് ഇന്ത്യ രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ ബാധിച്ചത്. വയനാട് ദുരന്തം നടന്നിട്ട് 76 ദിവസമായി. തുടക്കത്തിലുള്ള ആവേശം പുനരധിവാസത്തില്‍ കാണുന്നില്ലെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച് കോണ്‍ഗ്രസിലെ ടി സിദ്ദിഖ് പറഞ്ഞു.

ഈ പ്രദേശത്തെ ദുരന്ത ബാധിതര്‍ പ്രയാസത്തിലാണെന്ന് ടി സിദ്ദിഖ് ചൂണ്ടിക്കാട്ടി. ദുരന്ത ബാധിതര്‍ക്ക് ഇപ്പോഴും പ്രയാസവും വേദനയുമാണ്. പരിക്കേറ്റ പലരും ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുകയാണ്. 2019 ല്‍ പുത്തുമല ദുരന്തത്തില്‍ ഗുരുതരമായി പരുക്കേറ്റ ഷൗക്കത്ത് എന്ന വ്യക്തി ചികിത്സക്ക് പണമില്ലാതെ, സര്‍ജറിക്ക് പണമില്ലാതെ വിഷമിക്കുകയാണ്. ഈ സാഹചര്യം വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തിന് ഇരയായവര്‍ക്ക് ഉണ്ടാകരുതെന്നാണ് സര്‍ക്കാരിനോട് പറയാനുള്ളത്.

പുനരധിവാസം എന്നത് ഒരു കോണ്‍ക്രീറ്റ് ഭവനം എന്നതിലുപരി, അവരുടെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക പുരോഗതി തുടങ്ങിയ സമഗ്രതല സ്പര്‍ശിയായ വികാസമാണ് ഉണ്ടാകേണ്ടത്. അത്തരത്തിലുള്ള പ്രവര്‍ത്തനത്തിനായി വലിയ ഏകോപനം ഉണ്ടാകേണ്ടതാണ്. 200 മി.മി മഴപെയ്താല്‍ മണ്ണിടിച്ചില്‍ ഉണ്ടാകുന്ന മേഖലയായി അവിടെ മാറുമെന്ന് ടി സിദ്ദിഖ് പറഞ്ഞു. ദുരന്തത്തിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം ജിഎസ്‌ഐ റിപ്പോര്‍ട്ട് പ്രകാരം, ഉരുള്‍പൊട്ടലിന് ഏറ്റവും സാധ്യതയുള്ള പ്രദേശമാണ്. 2019 ല്‍ പുത്തുമല ഉരുള്‍പൊട്ടല്‍, 2020 ല്‍ ഇതേ സ്ഥലത്ത് ഉരുള്‍പൊട്ടി, മുമ്പ് ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയും ഇതിനു സമീപത്താണ്.

ഇത്രയും ഗുരുതരമായ സാഹചര്യം ഈ സ്ഥലത്തുണ്ടായിട്ടും മഴയെ അളക്കാന്‍, അതിനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാന്‍ നമുക്ക് കഴിയാതെ പോയതാണ് ഈ വലിയ ദുരന്തത്തിന്റെ ഏറ്റവും വേദനിപ്പിക്കുന്ന കാര്യമെന്ന് ചൂണ്ടിക്കാട്ടുകയാണ്. ദുരന്ത പ്രദേശത്ത് പ്രധാനമന്ത്രി വന്നപ്പോള്‍ ആശ്വാസം തോന്നി. ഒന്നര മണിക്കൂർ കൂടുതല്‍ സമയമെടുത്ത് പ്രധാനമന്ത്രി എല്ലായിടവും സന്ദര്‍ശിച്ചു. എന്നാല്‍ 229 കോടി അടിയന്തര സഹായം ആവശ്യപ്പെട്ടതില്‍ നയാപൈസ അനുവദിച്ചില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോ എന്ന് വയനാട്ടിലെ ദുരന്തബാധിതര്‍ ചോദിക്കുന്നുവെന്ന് ടി സിദ്ദിഖ് പറഞ്ഞു.

പ്രധാനമന്ത്രി വരുന്നതിന്റെ തലേന്ന് തിരച്ചില്‍ അവസാനിപ്പിച്ചതാണ്. പിന്നീട് ഒരു ദിവസം മാത്രമാണ് തിരച്ചില്‍ നടത്തിയത്. മരണം സ്ഥിരീകരിക്കേണ്ടത് ധനസഹായത്തിനും നിര്‍ണായകമാണെന്ന് ടി സിദ്ദിഖ് ചൂണ്ടിക്കാട്ടി. ദുരിത ബാധിതര്‍ ഇപ്പോഴും കടക്കെണിയിലാണ്. വായ്പാ ബാധ്യതകളില്‍ തീരുമാനം ആയിട്ടില്ല. ഒട്ടും വൈകാതെ തന്നെ പുനരധിവാസം നടപ്പാക്കണം. ഏറ്റെടുക്കുന്ന തോട്ടഭുമി നിയമക്കുരുക്കിലല്ലെന്ന് ഉറപ്പ് വരുത്തണമെന്നും ടി സിദ്ദിഖ് ആവശ്യപ്പെട്ടു.

വയനാട്ടില്‍ നടന്നത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് കെ കെ ശൈലജ പറഞ്ഞു. സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനം ലോകത്തിന് മാതൃകയാണ്. സംസ്ഥാന സര്‍ക്കാര്‍ നല്ല ഇടപെടല്‍ നടത്തി. പ്രധാനമന്ത്രി വന്നിട്ട് കേരളത്തിന് എന്ത് കിട്ടിയെന്നും കെ കെ ശൈലജ ചോദിച്ചു. വയനാടിന് കേന്ദ്ര സഹായം ലഭിച്ചില്ല. ഇതില്‍ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ഉയരണം. ഓരോ സംസ്ഥാനങ്ങളോടും ഓരോ സമീപനം ശരിയല്ല. അടിയന്തര സഹായം മുഴുവനായും അനുവദിക്കേണ്ടതായിരുന്നു. പ്രധാനമന്ത്രിയില്‍നിന്നു കിട്ടിയത് സ്‌നേഹപൂര്‍ണമായ പെരുമാറ്റം മാത്രമാണെന്നും കെ കെ ശൈലജ പറഞ്ഞു.

ദുരന്തത്തിൽ പരിക്കേറ്റവർക്ക് തുടർചികിത്സയ്ക്ക് പാക്കേജ് വേണമെന്ന് ഐ സി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. മാധ്യമങ്ങളിൽ കനത്ത മഴയുടെ വാർത്ത വന്നിട്ടും ജില്ലാ ഭരണകൂടം ഒഴിപ്പിക്കൽ നടത്തിയില്ല. അത് വീഴ്ചയാണ്. കേന്ദ്രം പുനരധിവാസത്തിന് സഹായിച്ചില്ലെന്നും ഐ സി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. മഴ മുന്നറിയിപ്പുകൾ ശക്തിപ്പെടുത്താൻ കൂടുതൽ ശാസ്ത്രീയ സംവിധാനം ഏർപ്പെടുത്തണം. കടമെഴുതി തള്ളിയാലേ ദുരന്തബാധിതരെ സംരക്ഷിക്കാൻ കഴിയൂവെന്ന് ഇ കെ വിജയൻ പറഞ്ഞു.

പ്രകൃതി ദുരന്തങ്ങൾക്കായി പ്രത്യേക ദുരിതാശ്വാസ പാക്കേജ് രൂപീകരിക്കണം. വയനാടിന് സഹായം അനുവദിക്കാത്ത കേന്ദ്രനിലപാട് പ്രതിഷേധാർഹമെന്നും കെ കെ രമ അഭിപ്രായപ്പെട്ടു. പുനരധിവാസത്തിന് ഭൂമി പ്രധാനമാണ്. വാസയോഗ്യമെന്ന് ഒറ്റയടിക്ക് തോന്നിയാലും ഭൂമിയുടെ പ്രത്യേകതയും ദുരന്തസാധ്യതയും ഗവേഷണത്തിലൂടെ മനസ്സിലാക്കിയേ പുനരധിവാസത്തിന് ടൗൺഷിപ്പ് നിർമിക്കാവൂ എന്ന് മോൻസ് ജോസഫ് പറ‌ഞ്ഞു.

കേന്ദ്രം പക്ഷപാതിത്വം കാണിക്കുന്നത് അനുവദിക്കാനാവില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറ‍ഞ്ഞു. പുനരധിവാസം വേ​ഗത്തിലാക്കണണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഉദ്യോ​ഗസ്ഥ തലത്തിൽ മന്ദതയുണ്ട്. ഇത് സംവിധാനത്തിന്റെ പരാജയമാണ്. വേണ്ടത് മൈക്രോ ലെവൽ ഫാമിലി പ്ലാനിങ്ങാണ്. കേന്ദ്രം വിവേചനം കാട്ടുകയാണ്. കേന്ദ്ര സർക്കാർ വൈരനിര്യാതന ബുദ്ധിയോടെയാണ് പെരുമാറുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K