12 October, 2024 10:09:19 AM


വസ്തു വിറ്റ് പണം നൽകാൻ വിസമ്മതിച്ച ഭാര്യയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം: ഭർത്താവ് അറസ്റ്റിൽ



ഓയൂർ:  മദ്യപിക്കാൻ വസ്തു വിറ്റ് പണം നൽകാൻ വിസമ്മതിച്ച ഭാര്യയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൂയപ്പള്ളി പാെലീസ് അറസ്റ്റു ചെയ്തു. കൊല്ലം അമ്പലംകുന്ന് ചെറുവക്കൽ കൂലിക്കോട് ഇടയിലഴികത്ത് വീട്ടിൽ പ്രകാശിനെ (47) യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ഡോറുകളും ബോണറ്റിന്റെ മേൽ മൂടിയും ഇല്ലാത്ത കാർ അമിത വേഗത്തിൽ മുന്നോട്ടും പിന്നോട്ടും എടുക്കുകയും പിന്നോട്ടെടുക്കുന്നതിനിടയിൽ ഗേറ്റ് തകർന്ന് ഭാര്യയുടെ ദേഹത്ത് ശക്തമായി ഇടിക്കുകയും ചെയ്തു. കാൽ ഒടിയുകയും ദേഹമാസകലം പരിക്കേൽക്കുകയും ചെയ്ത ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിലായിരുന്ന പ്രകാശ് പിന്നീട് വീട് അടിച്ച് തകർത്തു.


ഇയാളുടെ ഭാര്യയുടെ പേരിലുണ്ടായിരുന്ന വസ്തുക്കൾ വിൽപ്പിക്കുകയും തുക തീർന്നതോടെ ഭാര്യയുടെ പേരിൽ അവശേഷിക്കുന്ന ഒരേക്കർ ഭൂമി കൂടി വിറ്റ് പണം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വസ്തുവിൽക്കാൻ വിസമ്മതിച്ചതിൽ പ്രകോപിതനായാണ് ഇയാൾ ഭാര്യയെ അക്രമിക്കുകയും വീട് അടിച്ച് തകർക്കുകയും ചെയ്തതെന്ന് പാെലീസ് പറഞ്ഞു. പൂയപ്പള്ളി സി.ഐ. ബിജു .എസ്.ടിയുടെ നിർദേശംകാരം എസ്.ഐമാരായ രജനീഷ് ,രാജേഷ്, എസ്. സി.പി.ഒ. വിനോദ്, ഹോംഗാർഡ് റോയി എന്നിവരടങ്ങുന്ന പാെലീസ് സംഘമാണ് മദ്യലഹരിയിൽ അക്രമം നടത്തിക്കാെണ്ടിരുന്ന പ്രതിയെ സാഹസികമായി പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K