11 October, 2024 11:43:06 AM
ബംഗ്ലാദേശിലെ ക്ഷേത്രത്തിൽ മോദി സമർപ്പിച്ച കിരീടം മോഷണം പോയി
ബംഗ്ലദേശ്: ബംഗ്ലാദേശ് ജശോരേശ്വരി ക്ഷേത്രത്തിൽ കാളി പ്രതിഷ്ഠയിലെ കിരീടം കവർന്നു. 2021ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമർപ്പിച്ചതാണ് കീരീടം. ഇന്നലെയാണ് കവർച്ച നടന്നത്. 2021 മാർച്ചിൽ ക്ഷേത്രം സന്ദർശിച്ചപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കിരീടം സമർപ്പിച്ചത്. ക്ഷേത്ര പൂജാരി ദിലീപ് മുഖർജി പൂജ കഴിഞ്ഞ് പോയതിനു ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയാണ് കാളി പ്രതിഷ്ഠയിലെ കിരീടം നഷ്ടമായ വിവരം ആദ്യം കാണുന്നത്. തുടർന്ന് വിവരം എല്ലാവരെയും അറിയിച്ചു. സംഭവത്തിൽ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ശ്യാംനഗർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ തൈസുല്‍ ഇസ്ലാം പറഞ്ഞു. സ്വർണവും വെള്ളിയും കൊണ്ട് നിർമിച്ച കിരീടത്തിനു സാംസ്കാരികവും മതപരവുമായ പ്രാധാന്യമുണ്ട്. ഹിന്ദു പുരാണമനുസരിച്ച് ഇന്ത്യയിലും അയൽരാജ്യങ്ങളിലുമായി ചിതറിക്കിടക്കുന്ന 51 ശക്തിപീഠങ്ങളിൽ ഒന്നാണ് ജശോരേശ്വരി ക്ഷേത്രം.
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അനാരി എന്ന ബ്രാഹ്മണനാണ് ഈ ക്ഷേത്രം നിർമിച്ചതെന്നാണ് വിശ്വാസം. പിന്നീട് ഇത് പതിമൂന്നാം നൂറ്റാണ്ടിൽ ലക്ഷ്മൺ സെൻ നവീകരിക്കുകയും ഒടുവിൽ പതിനാറാം നൂറ്റാണ്ടിൽ രാജ പ്രതാപാദിത്യ ക്ഷേത്രം പുനർനിർമിക്കുകയും ചെയ്തു. 100 വാതിലുകളുള്ള വാസ്തുവിദ്യാ രൂപകൽപ്പനയ്ക്ക് പേരുകേട്ട ഈ ഘടന ഹിന്ദു പാരമ്പര്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശക്തിപീഠങ്ങളിൽ ഒന്നാണ്.