23 January, 2026 09:16:53 AM


എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാള്‍ സ്വദേശിനി മരിച്ചു



എറണാകുളം: എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഹൃദയം മാറ്റിവച്ച നേപ്പാള്‍ സ്വദേശിനി ദുര്‍ഗ കാമി മരണത്തിന് കീഴടങ്ങി. ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ ആയിരുന്നു അന്ത്യം. ഡാനന്‍ എന്ന അപൂര്‍വ ജനിതക രോഗമായിരുന്നു യുവതിയ്ക്ക് ഉണ്ടായിരുന്നത്. ശ്വാസ കോശത്തിന്റെ പ്രവര്‍ത്തനം നിലച്ചതാണ് മരണത്തിലേക്ക് നയിച്ചത്. ഇതോടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഹൃദയ ശസ്ത്രക്രിയ ആയിരുന്നു ദുര്‍ഗയുടേത്. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് നേപ്പാള്‍ സ്വദേശി ദുര്‍ഗ കാമിക്ക് നല്‍കിയത്. ഡിസംബര്‍ 22 ന് ആയിരുന്നു ശസ്ത്രക്രിയ. തിരുവനന്തപുരത്ത് നിന്ന് സര്‍ക്കാരിന്റെ എയര്‍ ആംബുലന്‍സില്‍ ആയിരുന്നു ഹൃദയം കൊച്ചിയില്‍ എത്തിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് 21 വയസ്സുകാരി ദുര്‍ഗ കാമി ഹൃദയ ചികിത്സക്കായി ആശുപത്രിയിലെത്തിയത്. ദുര്‍ഗയ്ക്ക് ഒരു സഹോദരന്‍ മാത്രമാണുള്ളത്. അമ്മയും സഹോദരിയും ഇതേ രോഗം വന്നാണ് മരിച്ചത്.

കഠിന പരിശ്രമങ്ങള്‍ക്ക് അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ കഴിഞ്ഞില്ല എന്നത് ഏറെ ദുഃഖകരമായ കാര്യമാണെന്ന് മന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ ഇരുപത്തിയൊന്ന് വയസുള്ള നേപ്പാള്‍ സ്വദേശിനി മരണമടഞ്ഞ വിവരം അറിയിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

മന്ത്രിയുടെ പോസ്റ്റ് പൂര്‍ണരൂപം-

കഠിന പരിശ്രമങ്ങള്‍ക്ക് അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ കഴിഞ്ഞില്ല . ഏറെ ദുഃഖകരമായ കാര്യമാണ് ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിര്‍ഷാ വിളിച്ചു അറിയിച്ചത്. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ ഇരുപത്തിയൊന്ന് വയസുള്ള നേപ്പാള്‍ സ്വദേശിനി മരണമടഞ്ഞു. ജീവന്‍രക്ഷ മെഷീനുകളുടെ പിന്തുണ കഴിഞ്ഞ ദിവസം മാറ്റുകയും അവള്‍ സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു. ഫിസിയോതെറാപ്പിയും ആരംഭിച്ചിരുന്നു. ഇത് വലിയ പ്രതീക്ഷയായിരുന്നു നല്‍കിയത്. നാളെ വരുമ്പോള്‍ വായിക്കാന്‍ പുസ്തകങ്ങള്‍ കൊണ്ട് വരണമെന്നാണ് അവള്‍ ഡോക്ടര്‍സിനോട് അവസാനം പറഞ്ഞതെന്ന് ഡോ. ജോര്‍ജ് വാളൂരാന്‍ വിഷമത്തോടെ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ശരൗവിന് പുറത്തു നിന്ന് അവളെ കണ്ടതാണ് ഇപ്പോള്‍ മനസ്സില്‍.

അവളുടെ ജീവന്‍ രക്ഷിക്കുന്നതിനും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും എറണാകുളം ജനറല്‍ ആശുപത്രി ടീം സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്റെയും മറ്റു പ്രിയപ്പെട്ടവരുടെയും

ദുഃഖത്തില്‍ പങ്കു ചേരുന്നു .


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K