03 October, 2024 04:16:31 PM


'ലോറി ഉടമ മനാഫി'ന് 2.42 ലക്ഷം സബ്സ്ക്രൈബേഴ്സ്; ഒറ്റ ദിവസം കൊണ്ട് പതിനായിരത്തിൽ നിന്ന് ലക്ഷത്തിലേക്ക്



കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള ആരോപണ, പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെ മനാഫിന്റെ യൂട്യൂബ് ചാനല്‍ പിന്തുടരുന്നവരുടെ എണ്ണം കുത്തനെ കൂടി. ഇന്നലെ ഒറ്റദിവസം കൊണ്ടാണ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം രണ്ടുലക്ഷം കടന്നത്. അതുവരെ പതിനായിരം ഫോളോവേഴ്‌സ് മാത്രമാണ് 'ലോറി ഉടമ മനാഫ്' എന്ന യൂട്യൂബ് ചാനലിനുണ്ടായിരുന്നത്. ഇപ്പോള്‍ 2.42 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണ് ചാനലിനുള്ളത്.

അര്‍ജുന്‍ എന്ന വൈകാരികതയെ മനാഫ് യൂട്യൂബ് ചാനലിലൂടെ വില്‍ക്കുകയാണെന്നും പിആര്‍ എജന്‍സി പോലെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും അര്‍ജുന്റെ കുടുംബം ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. പലയിടങ്ങളില്‍ നിന്നായി അര്‍ജുന്റെ പേരില്‍ ഫണ്ട് സ്വരൂപിക്കുന്നെന്നും കുടുംബത്തെക്കുറിച്ച് അസത്യം പ്രചരിപ്പിക്കുന്നുവെന്നും അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിനും അര്‍ജുന്റെ സഹോദരന്‍ അഭിജിത്തും ആരോപിച്ചിരുന്നു.

എന്നാല്‍ അര്‍ജുന്റെ കുടംബത്തിന്റെ ആരോപണം നിഷേധിച്ച മനാഫ്, താന്‍ ഒരിടത്തുനിന്നും അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും കുറ്റം തെളിഞ്ഞാല്‍ ഞാന്‍ മാനാഞ്ചിറ മൈതാനത്തുവന്നു നില്‍ക്കാം, കല്ലെറിഞ്ഞ് കൊന്നോളുവെന്നുമായിരുന്നു മനാഫിന്റെ പ്രതികരണം. യൂട്യൂബ് ചാനല്‍ തുടങ്ങിയത് തന്റെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും ആര് എതിര്‍ത്താലും അതുമായി മുന്നോട്ടുപോകുമെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിവാദമായതിന് പിന്നാലെയാണ് മനാഫിന്റെ യുട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സ് കുത്തനെ വര്‍ധിച്ചത്.

ജിതിന്‍ സംഘപരിവാര്‍ അനുകൂലിയായതുകൊണ്ടാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് ചിലര്‍ പറയുന്നു. കുടുംബത്തെക്കൊണ്ട് ഇത്തരം ആരോപണം ഉന്നയിക്കുന്നതില്‍ ചിലര്‍ക്ക് രാഷ്ട്രീയ- വര്‍ഗീയ ലക്ഷ്യങ്ങളുണ്ടെന്നുമാണ് ആരോപണം.

ഇങ്ങനെയൊരു ചാനലുണ്ടെന്നറിയിച്ച കുടുംബത്തിന് നന്ദിയെന്നും അളിയന്റെ ഈഗോ കാരണം മനാഫ് വീണ്ടും വലുതാവുകയാണെന്നുമാണ് ചിലരുടെ കമന്റ്. മനാഫിന് മറ്റ് ഉദ്ദേശ്യം ഉണ്ടായിരുന്നെങ്കില്‍ അര്‍ജുനെ കിട്ടിയ ശേഷം മറ്റുവീഡിയോകള്‍ ഇട്ടനേയെന്നും ചിലര്‍ കുറിച്ചു. അതേസമയം, മനാഫ് സെല്‍ഫ് പ്രമോഷന്‍ സ്റ്റാറാണെന്നും അര്‍ജുന്റെ കുടുംബം അദ്ദേഹത്തെ തുറന്ന് കാണിക്കുകയാണെന്നും മറ്റ് ചിലരുടെ പ്രതികരണം.

13 ദിവസം മുന്‍പാണ് ചാനലില്‍നിന്ന് അവസാനമായി വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. അര്‍ജുന്റെ ലോറി കണ്ടെത്തിയശേഷം യുട്യൂബില്‍ വിഡിയോ പോസ്റ്റ് ചെയ്തിട്ടില്ല. അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും യഥാര്‍ഥ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനുമാണു ചാനല്‍ തുടങ്ങിയതെന്നായിരുന്നു മനാഫിന്റെ വിശദീകരണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K