02 October, 2024 09:02:54 PM


കള്ളനോട്ട് കേസിൽ ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ

 


ഈരാറ്റുപേട്ട: കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട്  ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ ഭാഗത്ത് കൊച്ചേപറമ്പിൽ വീട്ടിൽ അബ്ദുള്ള കെ.പി (40) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ മാസം ഒന്നാം തീയതി  അരുവിത്തുറയിൽ  പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിന്റെ സിഡിഎമ്മിൽ നിന്നും കള്ളനോട്ടുകൾ കിട്ടിയതിനെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന്  പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലിൽ ഈരാറ്റുപേട്ട സ്വദേശികളായ അൽഷാം, അൻവർഷാ ഷാജി, എന്നിവരെ പിടികൂടുകയും തുടർന്ന് നടത്തിയ വിശദമായ  അന്വേഷണത്തിൽ ഇവർക്ക് കള്ളനോട്ട് നൽകിയ പാലക്കാട് സ്വദേശികളായ അഷറഫ്, ജലീൽ എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു.


ജലീലിന്റെ വീട് പരിശോധിച്ചതിൽ നിന്നും കള്ളനോട്ടുകൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന പേപ്പറുകളും, പണം എണ്ണുന്നതിന് ഉപയോഗിക്കുന്ന കൗണ്ടിംഗ് മെഷീനും, ലോഹ നിർമ്മിത വിഗ്രഹവും, കൂടാതെ സ്വർണ്ണ നിറത്തിലുള്ള ലോഹ കട്ടകളും,നിരവധി ലോഹനിർമ്മിത കോയിനുകളും, ലോഹറാഡുകളും പോലീസ് കണ്ടെടുക്കുകയും ചെയ്ത്തിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ അൽഷാമും സുഹൃത്തുക്കളും അബ്ദുള്ളയും കൂടി ചേർന്നാണ് കള്ളനോട്ട്  അഷറഫിൽ നിന്ന് വാങ്ങിയിരുന്നതെന്ന് കണ്ടെത്തുകയും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ഉമറുൾ ഫാറൂഖിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K