01 October, 2024 06:42:57 PM


വിവാദ ഭാഗം മുഖ്യമന്ത്രി പറഞ്ഞതല്ല; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു ദിനപത്രം



തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിവാദ അഭിമുഖത്തില്‍ ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു ദിനപത്രം. അഭിമുഖം വന്നത് ഡല്‍ഹിയിലെ പിആര്‍ ഏജന്‍സി വഴിയാണ്, വിവാദഭാഗം മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞതല്ലെന്നും നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതാണെന്നും പറഞ്ഞ് പിന്നീട് പിആര്‍ ഏജന്‍സി എഴുതി നല്‍കിയതാണ്. ഇത് മാധ്യമധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്നും ആ വാക്കുള്‍ അഭിമുഖത്തിലേതായി ഉള്‍പ്പെടുത്തിയതില്‍ ഖേദിക്കുന്നുവെന്ന് ഹിന്ദു അറിയിച്ചു.

ഹിന്ദു എഡിറ്ററാണ് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയത്. ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയുടെ താഴെയാണ് എഡിറ്ററുടെ വിശദീകരണം എന്നനിലയില്‍ എഴുതി നല്‍കിയത്. ഒരു മലയാളി മാധ്യമപ്രവര്‍ത്തകയാണ് ഡല്‍ഹിയില്‍ വച്ച് മുഖ്യമന്ത്രിയുടെ അഭിമുഖം എടുത്തത്. ഇത് പ്രസിദ്ധീകരിച്ച് വന്നതിന് പിന്നാലെ തെറ്റായ വാക്കുകള്‍ കടന്നുവന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇത് മുഖ്യമന്ത്രിയുടെ വാക്കുകളല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കത്തില്‍ ചൂണ്ടിക്കാണിച്ചത്.

മുഖ്യമന്ത്രി പറഞ്ഞ കാര്യമല്ല ഇന്റര്‍വ്യൂവില്‍ വന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. പിആര്‍ ഏജന്‍സികളുടെ രണ്ട് പ്രതിനിധികളും അഭിമുഖസമയത്ത് കൂടെയുണ്ടായിരുന്നു. പിആര്‍ ഏജന്‍സിയുടെ ഭാഗമായുള്ള അംഗങ്ങളാണ് ഇത്തരമൊരുഭാഗം ചേര്‍ക്കണമെന്ന് മാധ്യമപ്രവര്‍ത്തകയോട് ആവശ്യപ്പെട്ടത്. നേരത്തെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യമാണെന്ന് പറഞ്ഞാണ് മാധ്യമപ്രവര്‍ത്തകയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. തുടര്‍ന്ന് അഭിമുഖത്തില്‍ അത് കൂടി എഴുതി ചേര്‍ക്കുകയായിരുന്നെന്നാണ് വിശദീകരണത്തില്‍ പറയുന്നത്.

'കേരളത്തില്‍ എപ്പോഴും ആര്‍എസ്എസിനെയും ഹിന്ദുത്വ ശക്തികളെയും സിപിഎം ശക്തമായി എതിര്‍ത്തിട്ടുണ്ട്' എന്ന തലക്കെട്ടില്‍ 2024 സെപ്റ്റംബര്‍ 30 ന് ദി ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ ഉള്ളടക്കം സംബന്ധിച്ചാണ് കത്ത്. ഞങ്ങള്‍ക്ക് ഗുരുതരമായ ആശങ്കകളുണ്ട്. പ്രത്യേകിച്ച് മുഖ്യമന്ത്രിയെ തെറ്റായി ഉദ്ധരിക്കുന്ന ചില പ്രസ്താവനകളില്‍ എന്ന് കത്തില്‍ ചൂണ്ടികാട്ടി. അഭിമുഖത്തില്‍ മുഖ്യമന്ത്രി ഒരു പ്രദേശത്തിന്റെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്ന് കത്തില്‍ പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു.

'അഭിമുഖത്തില്‍ മുഖ്യമന്ത്രി ഒരു പ്രദേശത്തിന്റെയും പേരെടുത്തു പറഞ്ഞിട്ടില്ല. 'ദേശവിരുദ്ധ പ്രവര്‍ത്തന'മെന്നോ 'രാജ്യ വിരുദ്ധ' പ്രവര്‍ത്തനമെന്നോ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല. വിഷയത്തില്‍ മുഖ്യമന്ത്രിയുടെയും കേരള സര്‍ക്കാരിന്റെയും നിലപാട് പ്രതിഫലിപ്പിക്കുന്നവയല്ല ഈ വാക്കുകള്‍. ഈ പദങ്ങള്‍ മുഖ്യമന്ത്രി ഉപയോഗിച്ചു എന്ന തരത്തില്‍ പ്രസിദ്ധീകരിച്ചത് തെറ്റായ പ്രചാരണത്തിനും വ്യാഖ്യാനത്തിനും വഴിയൊരുക്കി''- കത്തില്‍ വിശദമാക്കി. അനാവശ്യ വ്യാഖ്യാനം വിവാദത്തിന് കരണമാക്കിയെന്നും വിവാദം അവസാനിപ്പിക്കാന്‍ പത്രം വിശദീകരണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K