26 September, 2024 12:38:31 PM


തൃശ്ശൂർ പൂരം കലക്കൽ: എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് സർക്കാർ തളളി



തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി തള്ളി. വീണ്ടും അന്വേഷണം നടത്താന്‍ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി. ഇന്നലെ രാത്രി തന്നെ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫീസിന് ശുപാര്‍ശ നല്‍കിയതായാണ് വിവരം. ശുപാർശ തള്ളണോ സ്വീകരിക്കണോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കും.

നേരത്തെ എഡിജിപി അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായി വിശ്വാസത്തിലെടുക്കാതെ, കൂടുതല്‍ അന്വേഷണം വേണമെന്ന് സൂചിപ്പിച്ചു കൊണ്ടുള്ള കവറിങ് ലെറ്റര്‍ സഹിതമായിട്ടായിരുന്നു പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഈ റിപ്പോര്‍ട്ട് പരിശോധിക്കാനായി മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞദിവസം മന്ത്രിസഭായോഗത്തില്‍ പൂരം കലക്കലില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചെന്നും, അത് പരിശോധനയ്ക്കായി ആഭ്യന്തര സെക്രട്ടറിക്ക് അയച്ചുവെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്.

പൂരം കലക്കലില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു എഡിജിപി എംആര്‍ അജിത് കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. പൊലീസ് കമ്മീഷണര്‍ക്കാണ് വീഴ്ച സംഭവിച്ചത്. ഒപ്പം തിരുവമ്പാടി ദേവസ്വത്തേയും എഡിജിപി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ഇടതുമുന്നണി ഘടകകക്ഷിയായ സിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നത്. പൂരം നടന്ന ദിവസം എഡിജിപി അജിത് കുമാര്‍ തൃശൂരിലുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K