24 September, 2024 09:31:25 AM


എല്ലാമാസവും ശബരിമലയിൽ, ഒടുവിൽ സന്നിധാനത്തെ കാണിക്കവഞ്ചി മോഷ്ടിച്ചു; പ്രതി പിടിയിൽ



പത്തനംതിട്ട: ശബരിമല സന്നധാനത്തെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തെങ്കാശി, കീലസുരണ്ട സുരേഷ് (32) ആണ് പമ്പ പൊലീസിന്റെ പിടിയിലായത്. ദേവസ്വം മഹാ കാണിക്കയുടെ മുൻഭാ​ഗത്തെ വഞ്ചിയുടെ പൂട്ട് കുത്തിപ്പൊളിച്ചാണ് ഇയാൾ പണം മോഷ്ടിച്ചത്. ചിങ്ങ മാസ പൂജകൾക്കായി ശബരിമല നട തുറന്ന ഓ​ഗസ്റ്റ് 20നാണ് സംഭവം.


നട അടച്ച ശേഷം ഇതു ശ്രദ്ധയിൽപ്പെട്ട ദേവസ്വം ബോർഡ് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. സന്നിധാനത്തേയും പമ്പയിലേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് ആളെ മനസിലാക്കിയത്. കന്നി മാസ പൂജകൾക്കായി നട തുറന്നപ്പോൾ സന്നിധാനത്ത് ജോലിക്കു വന്ന ആളുകളെ രഹസ്യമായി നിരീക്ഷിച്ചതിലൂടെ മോഷ്ടാവിനെപ്പറ്റിയുള്ള സൂചന ലഭിച്ചു.

ഇയാൾ വർഷങ്ങളായി എല്ലാ മാസവും ശബരിമലയിൽ വരാറുണ്ട്. മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞതോടെ ഇത്തവണ വന്നില്ല. മൊബൈൽ ഫോൺ ഉപയോ​ഗിക്കാത്തത് അന്വേഷണം പ്രതിസന്ധിയിലാക്കി.

ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് പൊലീസ് തിരുനെൽവേലി, തെങ്കാശി, മധുര എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഇന്നലെ പുലർച്ചെയോടെയാണ് ഇയാളെ പിടികൂടിയത്. റാന്നി ഡിവൈഎസ്പി ആർ ജയരാജിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K