19 September, 2024 03:50:55 PM


ചെന്നൈയില്‍ യുവതിയെ കൊന്ന് സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ചു; പ്രതി പിടിയില്‍



ചെന്നൈ: ചെന്നൈയില്‍ യുവതിയെ കൊന്ന് സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ശിവഗംഗ സ്വദേശി മണികണ്ഠനാണ് പിടിയിലായത്. സാമ്പത്തിക തര്‍ക്കമാണ് കൊലയ്ക്ക് കാരണമായതായി പോലീസ് പറയുന്നു. ചെന്നൈ തോറല്‍പക്കം സ്വദേശിനിയായ ദീപയാണ് കൊല്ലപ്പെട്ടത്. സെക്‌സ് വര്‍ക്കറായിരുന്ന ദീപയെ ബ്രോക്കര്‍ മുഖേനയാണ് മണികണ്ഠന്‍ പരിചയപ്പെടുന്നത്. ബുധനാഴ്ച ഇരുവരും തോറല്‍ക്കത്ത് ദീപയെ കാണാന്‍ ചെല്ലുകയായിരുന്നു. യുവതി കൂടുതല്‍ പണം ആവശ്യപ്പെട്ടതാണ് മണികണ്ഠനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. സാമ്പത്തികം സംബന്ധിച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും മണികണ്ഠന്‍ ചുറ്റികകൊണ്ട് യുവതിയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചു.

ഏറെ വൈകിയും ദീപ വീട്ടിലെത്താതിരുന്നതോടെ യുവതിയുടെ സഹോദരന്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ യുവതിയുടെ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോഴാണ് യുവതി അവസാനമായി തോറല്‍പക്കം ഭാഗത്ത് പോയതായി കണ്ടെത്തിയത്. പിന്നാലെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തി. സഹോദരനെത്തി മൃതദേഹം തിരിച്ചറിയുകയും ചെയ്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും ബ്രോക്കര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K