13 September, 2024 09:11:25 AM


വയനാട് ദുരിതാശ്വാസ നിധിയുടെ പേരിൽ അനധികൃത പിരിവ്; കോൺഗ്രസ് പ്രവർത്തകനെ സസ്പെൻഡ് ചെയ്തു



കോഴിക്കോട്: വയനാട് ദുരിതാശ്വാസ നിധിയുടെ പേരില്‍ അനധികൃത പിരിവ് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ നടപടിയെടുത്ത് കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. ചേളന്നൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പി എം അനസിനെതിരെയാണ് നടപടി.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നിയോഗിച്ച രണ്ടംഗ കമ്മീഷന്‍ ചേളന്നൂര്‍ മണ്ഡലത്തില്‍ അനധികൃത പിരിവ് നടന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ കെ പ്രവീണ്‍കുമാര്‍ പറഞ്ഞു.

അതേസമയം, യൂത്ത് കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നതാണ് കോണ്‍ഗ്രസ് നടപടി. ഇതേ പരാതി കഴമ്പില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം തള്ളിയിരുന്നു. സംഘടനാപരമായ ജാഗ്രതക്കുറവ് ഉണ്ടായെന്ന് കാണിച്ച് പരാതിക്കാരനൊപ്പം നിലകൊണ്ട എലത്തൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് പി ഹാഷിക്കിനെതിരെയാണ് സംസ്ഥാന നേതൃത്വം നടപടി സ്വീകരിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K