12 September, 2024 08:52:25 AM


എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ



തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി ശുപാര്‍ശ നല്‍കി. ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്തു സമ്പാദനം, തിരുവനന്തപുരം കവടിയാറിലെ ആഡംബര വീടു നിര്‍മ്മാണം തുടങ്ങി പി വി അന്‍വര്‍ എംഎല്‍എ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.

സാമ്പത്തിക ആരോപണങ്ങള്‍ ആയതിനാല്‍ പ്രത്യേക സംഘത്തിന് അന്വേഷിക്കാനാകില്ലെന്ന് ഡിജിപി ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് പി വി അന്‍വറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയില്‍ അനധികൃത സ്വത്തു സമ്പാദനം, സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളുമായുള്ള ബന്ധം തുടങ്ങി നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ആരോപിച്ചിരുന്നു.

ഈ മൊഴി പരിശോധിച്ച ശേഷമാണ് ഡിജിപി, സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണമാണ് വേണ്ടതെന്ന് രേഖപ്പെടുത്തി മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്. മൊഴിയില്‍ പറയുന്ന അഞ്ചു കാര്യങ്ങള്‍ വിജിലന്‍സിന് കൈമാറണമെന്നാണ് ശുപാര്‍ശ. മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറി മുഖേന ഇന്നുതന്നെ വിജിലന്‍സ് ഡയറക്ടര്‍ക്ക് ശുപാര്‍ശ കൈമാറിയേക്കും. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചേക്കുമെന്നാണ് സൂചന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K