09 September, 2024 01:49:20 PM
നിവിൻ പോളിക്കെതിരായ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചു; യൂട്യൂബർമാർക്കെതിരെ കേസ്
കൊച്ചി: നടൻ നിവിൻ പോളിക്കെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് യൂട്യൂബർമാർക്കെതിരെ കേസ്. 12 യൂട്യൂബർമാർക്കെതിരെ എറണാകുളം ഊന്നുകൽ പൊലീസാണ് കേസെടുത്തത്. നിവിൻ പോളിക്കെതിരെയും ഇതേ സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നേര്യമംഗലം സ്വദേശിയായ യുവതിയാണ് നിവിനെതിരെ പരാതിയുമായി രംഗത്തുവന്നത്. ഇതിലാണ് പൊലീസ് പീഡനക്കേസെടുത്തത്. പീഡനക്കേസിൽ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിക്കുന്നതും വെളിപ്പെടുത്തുന്നതും നിയമവിരുദ്ധമാണ് എന്നിരിക്കെയാണ് യൂട്യൂബർമാർ ഇത് ലംഘിച്ചത്.
നിവിൻ പോളിയെ പിന്തുണച്ചും യുവതിയെ എതിർത്തുമുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. നടനെതിരെ യുവതി ഉന്നയിക്കുന്നത് വ്യാജ പരാതിയാണെന്ന് ആരോപിച്ചായിരുന്നു പ്രചാരണം. ഇത് ചൂണ്ടിക്കാട്ടിയാണ് യുവതി പൊലീസിനെ സമീപിച്ചതും കേസെടുത്തതും.
സിനിമയിൽ അഭിനയിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിവിൻപോളിയും സംഘവും പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ഇതിൽ നിവിനടക്കം ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്ത്.
എന്നാൽ ആരോപണം തള്ളി രംഗത്തെത്തിയ നിവിൻ പോളി, യുവതിയുടേത് വ്യാജ ആരോപണമാണെന്നും പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് താൻ വിദേശത്തായിരുന്നില്ലെന്നും കേസിൽ നിയമപോരാട്ടവുമായി മുന്നോട്ടുപോവുമെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.