08 September, 2024 04:08:38 PM


വ്യാജ ഡോക്ടർ യൂട്യൂബ് നോക്കി ശസ്ത്രക്രിയ ചെയ്തു; ബിഹാറിൽ പതിനഞ്ചുകാരന് ദാരുണാന്ത്യം



പാറ്റ്ന: വ്യാജ ഡോക്ടറുടെ യൂട്യബ് നോക്കിയുള്ള ശസ്ത്രക്രിയയില്‍ പതിനഞ്ച് വയസുകാരന് ദാരുണാന്ത്യം. പാറ്റ്ന സ്വദേശിയായ കൃഷ്ണ കുമാര്‍ ആണ് മരിച്ചത്. ബിഹാര്‍ തലസ്ഥാനമായ പാട്‌നയിലെ ഗണപതി സേവാ സദന്‍ ആശുപത്രിയിലാണ് സംഭവം. അജിത് കുമാര്‍ പുരി എന്ന ആള്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

തുടര്‍ച്ചയായി ഛര്‍ദിച്ചതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മുത്തച്ഛന്‍ പ്രഹ്‌ളാദ് പ്രസാദ് പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടിയുടെ ഛര്‍ദി നിന്നു. എന്നാല്‍ അജിത് കുമാര്‍ പുരി കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ നിര്‍ദേശിച്ചു. കുട്ടിക്ക് വയറില്‍ വേദനയുണ്ടെന്ന് പറഞ്ഞപ്പോള്‍ അത് കേള്‍ക്കാന്‍ അയാള്‍ തയ്യാറായില്ല. തങ്ങളുടെ എതിര്‍പ്പ് മറികടന്ന് അയാള്‍ കുട്ടിയെ ഓപ്പറേഷന്‍ തീയറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും മുത്തച്ഛന്‍ ആരോപിച്ചു. ഇതിനിടെ കുട്ടിക്ക് ശ്വാസം നിലച്ചു. ഉടന്‍ തന്നെ അജിത് കുമാര്‍ പുരി ആംബുലന്‍സ് വിളിക്കുകയും പാട്‌നയിലെ മറ്റൊരു ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ആശുപത്രിയിലേക്കുള്ള യാത്രയില്‍ കുട്ടി മരിച്ചു.

അജിത് കുമാര്‍ പുരി ശസ്ത്രക്രിയ നടത്തിയത് യൂട്യൂബില്‍ നോക്കിയാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. അയാള്‍ക്ക് മതിയായ യോഗ്യതയില്ലെന്നും വ്യാജനാണെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തിന് പിന്നാലെ അജിത് കുമാര്‍ പുരിയും ഗണപതി ആശുപത്രിയിലെ മറ്റ് ജീവനക്കാരും ഒളിവില്‍ പോയിരിക്കുകയാണ്. ഇവര്‍ക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K