03 September, 2024 01:15:41 PM


പശുക്കടത്തുകാരനെന്ന് കരുതി പ്ലസ് ടു വിദ്യാര്‍ഥിയെ വെടിവെച്ച് കൊന്നു; 5 പേര്‍ പിടിയില്‍



ന്യൂഡല്‍ഹി: പശുക്കടത്തുകാരനാണെന്ന് കരുതി ഹരിയാനയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ വെടിവെച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദില്‍ ഓഗസ്റ്റ് 23 നായിരുന്നു സംഭവം. കൊലപാതകത്തില്‍ ഗോസംരക്ഷണ സംഘത്തില്‍പ്പെട്ട അഞ്ച് അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്യന്‍ മിശ്ര എന്ന കുട്ടിയെയാണ് ഗോരക്ഷാ ഗുണ്ടാ സംഘം വെടിവെച്ച് കൊന്നത്.

കൊലപാതകത്തില്‍ അനിൽ കൗശിക്, വരുൺ, കൃഷ്ണ, ആദേശ്, സൗരഭ് എന്നിവരാണ് പിടിയിലായത്. ന്യൂഡിൽസ് കഴിക്കാൻ സുഹൃത്തുക്കൾക്കൊപ്പം നഗരത്തിലെത്തിയപ്പോഴാണ് ആര്യൻ മിശ്രയ്ക്ക് നേരെ അക്രമമുണ്ടാകുന്നത്. 30 കിലോമീറ്റർ കാറിൽ പിന്തുടർന്നെത്തിയാണ് അക്രമി സംഘം വിദ്യാർഥിയെ കൊലപ്പെടുത്തിയത്.

രണ്ട് വാഹനങ്ങളിലായി ചിലർ ഫരീദാബാദിൽനിന്ന് കന്നുകാലികളെ കടത്തിക്കൊണ്ടുപോകുന്നതായി അക്രമി സംഘത്തിന് വിവരം ലഭിച്ചു. ഇവർ വാഹനങ്ങളിൽ പരിശോധന നടത്തുമ്പോഴാണ് ഇതുവഴി സുഹൃത്തുക്കൾക്കൊപ്പം ആര്യൻ മിശ്ര കാറിലെത്തിയത്. നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇവർ വാഹനം നിർത്താതെ പോയി. ഇവരെ പിന്തുടർന്ന അക്രമി സംഘം ഡൽഹി-ആഗ്ര ദേശീയ പാതയിൽ ഹരിയാനയിലെ ഗധ്പുരിക്ക് സമീപത്തുവെച്ച് ആര്യന്‍റെ കാറിനു നേർക്ക് വെടിവെപ്പ് നടത്തി. ആര്യന്‍റെ കഴുത്തിൽ വെടിയേൽക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K