03 September, 2024 01:07:34 PM


തൃശൂര്‍ പൂരം അലങ്കോലമാക്കിയതിൽ പൊലീസ് മാത്രമല്ല മറ്റ് ചിലരും ഉണ്ടെന്ന് സംശയം -തിരുവമ്പാടി ദേവസ്വം



തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നതായി പൂരത്തിലെ പ്രധാന പങ്കാളി ക്ഷേത്രമായ തിരുവമ്പാടി ദേവസ്വം. പൂരം കലക്കിയതിനു പിന്നില്‍ പൊലീസിന് പങ്കുണ്ടെന്നും രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നുമുള്ള സിപിഐ നേതാവ് വി എസ് സുനില്‍കുമാറിന്റെ ആരോപണത്തിന് പിന്നാലെയാണ് തിരുവമ്പാടി ദേവസ്വം രംഗത്തെത്തിയത്.

അന്നത്തെ അനിഷ്ട സംഭവത്തിന് പിന്നില്‍ പൊലീസ് മാത്രമല്ല, മറ്റ് ചിലര്‍ കൂടിയുണ്ടെന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ സംശയിക്കുന്നുവെന്ന് സെക്രട്ടറി കെ ഗിരീഷ്‌കുമാര്‍ പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിന് തൃശൂര്‍ പൂരത്തെയും ദേവസ്വങ്ങളെയും ഉപയോഗിക്കരുത്. എല്ലാ രാഷ്ട്രീയത്തിലും ഉള്‍പ്പെട്ട ആളുകള്‍ ദേവസ്വങ്ങളില്‍ ഉണ്ട്. പൂരത്തിനെയും ദേവസ്വങ്ങളെയും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് അനുവദിക്കാനാവില്ലെന്നും ഗിരീഷ്‌കുമാര്‍ പറഞ്ഞു.

അതേ സമയം പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്ത് വിടാത്തത് ദുരൂഹമാണെന്നും അന്വേഷണം സിബിഐക്ക് വിടണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് യാദൃച്ഛികമല്ലെന്നും, അത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കിയതാണെന്നുമാണ് വി എസ് സുനില്‍കുമാര്‍ ആരോപിച്ചത്. ഇതിന്റെ പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. പൂരം വിഷയത്തില്‍ പൊലീസിന് വീഴ്ച പറ്റി. അന്നു തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ എഡിജിപി അജിത് കുമാറിന് ഇതില്‍ പങ്കുണ്ടോയെന്ന് അറിയില്ല. പി വി അന്‍വര്‍ പറഞ്ഞ കാര്യങ്ങളല്ലാതെ തന്റെ കയ്യില്‍ തെളിവുകളൊന്നുമില്ലെന്നും വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K