31 August, 2024 12:49:21 PM


കോട്ടയം ജില്ലയില്‍ നിന്ന് നാടുകടത്തിയ കാപ്പ കേസ് പ്രതിയെ അരൂരിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി



ആലപ്പുഴ : അരൂരിനു സമീപം യുവാവിനെ തലക്കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം തിരുവഞ്ചൂര്‍ പ്ലാന്‍കുഴിയില്‍ ജയകൃഷ്ണന്‍ (26) ന്റെ മൃതദേഹമാണ് കണ്ടെത്തിയത് .എരമല്ലൂര്‍ കിഴക്കുഭാഗത്ത് പ്രവര്‍ത്തിക്കുന്ന പൊറോട്ട കമ്പനിയോട് ചേർന്ന് ജീവനക്കാര്‍ക്ക് താമസിക്കാനായുള്ള മുറിയിലായിരുന്നു ജയകൃഷ്ണനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കാപ്പാ കേസില്‍ പ്രതിയായ ജയകൃഷ്‌ണൻ കോട്ടയം ജില്ലയില്‍നിന്ന് നാടുകടത്തപ്പെട്ട ആളാണ്. തേങ്ങ പൊതിക്കുന്ന ഇരുമ്പുപാരകൊണ്ട് കുത്തിയും അടിച്ചുമാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തുനിന്ന് ഈ ആയുധം കണ്ടെത്തിയിട്ടുണ്ട്. അതേസമയം , ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പ്രേംജിത്ത് ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. കൊലപാതക വിവരം പുറത്തറിഞ്ഞപ്പോഴേക്കും ഈ സുഹൃത്ത് രക്ഷപെട്ടിരുന്നു.

എരമല്ലൂരില്‍ പൊറോട്ട കമ്പനിയില്‍ നിന്നുള്ള പൊറോട്ട വിവിധ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ജോലിയായിരുന്നു ഇവിടെ ജയകൃഷ്ണൻ ചെയ്തു വന്നിരുന്നത്. വെള്ളിയാഴ്ച അര്‍ധരാത്രി ഇയാള്‍ തന്റെ വാഹനവുമായി കമ്പനിയിൽ എത്തിയിരുന്നു. തുടർന്ന് ജീവനക്കാരുടെ മുറിയില്‍ വിശ്രമിക്കാന്‍ പോയി എന്ന് കരുതുന്നു. അരൂര്‍ പോലീസ്‌മേല്‍ നടപടികള്‍ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K