31 August, 2024 10:00:14 AM


എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ തയ്യാർ; രാജി സന്നദ്ധത അറിയിച്ച് ഇപി ജയരാജൻ



തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ ഇപി ജയരാജന്‍. രാജി സന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇപി ജയരാജന്‍ ബിജെപി ബന്ധം സംസ്ഥാന കമ്മറ്റി ഇന്ന് ചര്‍ച്ച ചെയ്യാനിരിക്കെയാണ് ജയരാജന്റെ തീരുമാനമെന്നാണ് സൂചന. സംസ്ഥാനസമിതി യോഗത്തിന് നില്‍ക്കാതെ കഴിഞ്ഞ ദിവസം ജയരാജന്‍ കണ്ണൂരിലേക്ക് മടങ്ങി. കണ്ണൂരില്‍ ചില പരിപാടികള്‍ ഉള്ളതിനാല്‍ ഇന്ന് തിരുവനന്തപുരത്ത് ഇല്ലെന്നാണ് ഇപിയുടെ വിശദീകരണം.

സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് 'എല്ലാം നടക്കട്ടെ' എന്നു മാത്രമാണ് ഇപി പ്രതികരിച്ചത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ചയത് വന്‍ വിവാദമായിരുന്നു. കൂടിക്കാഴ്ച നടത്തിയ കാര്യം ഇപി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നേതാക്കള്‍ പലരെയും കാണാറുണ്ട്. ഞാനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ജയരാജന്റെ മറുപടി. ഇപിയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഇന്ന് ചേരുന്ന സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുകയും നടപടി ഉണ്ടാകുമെന്നും ഉറപ്പായതോടെയാണ് ഇപി ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചത്. നാളെ മുതല്‍ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കു തുടക്കമാകും. അതിനു മുന്‍പായി പാര്‍ട്ടിയിലെ അച്ചടക്ക നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. പികെ ശശിക്കെതിരായ അച്ചടക്കനടപടിയും യോഗത്തില്‍ ചര്‍ച്ചയാകും. പാര്‍ട്ടിയില്‍ തന്നെക്കാള്‍ ജൂനിയറായ എംവി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയ നടപടിയോട് ഇപി ജയരാജന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു, അത് പല അവസരങ്ങളിലും പരസ്യമായി പ്രകടപ്പിക്കുകയും ചെയ്തിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K