30 August, 2024 10:36:05 AM


'നിങ്ങള്‍ അത് ചെയ്യാത്തതു കൊണ്ട് ഞങ്ങളും അതു ചെയ്യില്ല എന്ന വാദം തെറ്റ്'- ബൃന്ദ കാരാട്ട്



ന്യൂഡല്‍ഹി: ബലാത്സംഗക്കേസിലെ പ്രതിയായ എം മുകേഷ് എംഎല്‍എ തല്‍ക്കാലം രാജിവെക്കേണ്ടതില്ലെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തള്ളി പിബി അംഗം ബൃന്ദ കാരാട്ട്. യുഡിഎഫ് അതു ചെയ്യാത്തതുകൊണ്ട് ഞങ്ങളും അതു ചെയ്യില്ല എന്ന വാദം ശരിയല്ല എന്ന് ബൃന്ദ പറഞ്ഞു. സിപിഎം ഔദ്യോഗിക വെബ്‌സൈറ്റിലെ ലേഖനത്തിലാണ് ബൃന്ദയുടെ പരാമര്‍ശം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെപ്പറ്റി തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും എന്ന ലേഖനത്തിലാണ് ബൃന്ദയുടെ വിമര്‍ശനം. ലേഖനത്തിന്റെ ആദ്യഭാഗങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടികളെ അഭിനന്ദിക്കുന്നു. സിനിമാ മേഖലയെ ചൂഷണങ്ങള്‍ പഠിക്കാന്‍ ഹേമ കമ്മിറ്റിയെ നിയോഗിച്ചതും, അതുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാന്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘം രൂപീകരിച്ചതും രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ നടപടിയാണെന്ന് ബൃന്ദ സൂചിപ്പിക്കുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ലഭിച്ച പരാതിയില്‍ സിപിഎം എംഎല്‍എയായ മുകേഷിനെതിരെ പൊലീസ് കേസെടുത്ത കാര്യം ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കേരളത്തില്‍ ഇടതു സര്‍ക്കാരെടുത്തിരിക്കുന്ന നടപടികളെ മോശപ്പെടുത്തുന്നതിനാണ് പ്രതിപക്ഷം ആരോപണം അഴിച്ചു വിടുന്നത്. കോണ്‍ഗ്രസിലെ രണ്ട് എംഎല്‍എമാര്‍ക്കെതിരെ ബലാത്സംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. അങ്ങനെയുള്ള കോണ്‍ഗ്രസാണ് മുകേഷിന്റെ വിഷയം ഉന്നയിച്ച് പ്രതികരണം നടത്തുന്നതെന്ന് ബൃന്ദ ആരോപിച്ചു.

തുടര്‍ന്ന് നിങ്ങള്‍ അത് ചെയ്തു, അതുകൊണ്ട് ഞങ്ങളും ചെയ്തു എന്ന ബാലിശമായ വാദം ഉന്നയിച്ച് പ്രതിരോധം തീര്‍ക്കുന്നത് ശരിയല്ലെന്ന്, സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ ബൃന്ദ പരോക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്. എന്നാല്‍ മുകേഷ് രാജിവെക്കണമെന്നോ, സംഘടനാ നടപടി വേണമെന്നോ ലേഖനത്തില്‍ ബൃന്ദ കാരാട്ട് വ്യക്തമാക്കിയിട്ടില്ല. ബലാത്സംഗക്കേസില്‍ പൊലീസ് കേസെടുത്തെങ്കിലും മുകേഷ് രാജിവെക്കേണ്ടതില്ലെന്നാണ് സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. പീഡനക്കേസില്‍ പ്രതികളായ യുഡിഎഫ് എംഎല്‍എമാര്‍ രാജിവെച്ചിട്ടില്ലല്ലോ എന്ന് ഇടതു കണ്‍വീനര്‍ ഇപി ജയരാജന്‍ ചോദിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K