29 August, 2024 11:09:31 AM


സുരേഷ് ഗോപിയുടെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു



തൃശൂര്‍: കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്. റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍, മനോരമ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാര്‍, കാമറാമാന്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേന്ദ്രമന്ത്രിയെ വാഹനത്തില്‍ കയറ്റാന്‍ അനുവദിക്കാതെ തടഞ്ഞുവെന്നും സുരക്ഷാജീവനക്കാരനെ ഭീഷണിപ്പെടുത്തി തള്ളി മാറ്റിയെന്നുമാണ് എഫ്ഐആറില്‍ ഉള്ളത്. രണ്ട് ജാമ്യമില്ലാ വകുപ്പുകള്‍ ഇള്‍പ്പെടെ മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

രാമനിലയം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ഗതടസം സൃഷ്ടിച്ചെന്ന് ചൂണ്ടികാണിച്ച് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് സുരേഷ് ഗോപി ഇന്നലെ പരാതി നല്‍കിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയെന്ന അനില്‍ അക്കര എംഎല്‍എ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സുരേഷ് ഗോപി പരാതി നല്‍കിയത്. അനില്‍ അക്കരയുടെ പരാതിയിലും പൊലീസ് അന്വേഷണം തുടങ്ങി. തൃശൂര്‍ സിറ്റി എസിപിക്കാണ് കമ്മീഷണര്‍ പ്രാഥമികാന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. പരാതിക്കാരനില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വേണ്ടി വന്നാല്‍ മൊഴിയെടുക്കുമെന്ന് എസിപി അറിയിച്ചിരുന്നു.

മാധ്യമ പ്രവ‍ർത്തകരുടെ ചോദ്യത്തിന് മറുപടി പറയാൻ സൗകര്യമില്ലെന്ന് മറുപടി പറഞ്ഞുകൊണ്ട് സുരേഷ് ​ഗോപി ക്ഷുഭിതനായി മാധ്യമപ്രവർത്തകനെ തള്ളിമാറ്റുകയായിരുന്നു. 'എന്റെ വഴി എന്റെ അവകാശമാണ്' എന്ന് പറഞ്ഞായിരുന്നു സുരേഷ് ഗോപി രൂക്ഷമായി പെരുമാറിയത്. പ്രകോപിതനായി സിനിമാ സ്റ്റൈലിൽ ഡയലോഗ് പറഞ്ഞ് പോകാൻ ശ്രമിക്കുന്ന സുരേഷ് ഗോപിയെയാണ് രാമനിലയത്തിൽ കണ്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K