26 August, 2024 12:49:31 PM
സ്വർണം പണവും നൽകാത്തതിന് ഭാര്യാപിതാവിനെ കൊലപ്പെടുത്തി; ജ്യോത്സ്യനും മകനും അറസ്റ്റിൽ
കാസർകോട്: ഭാര്യയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ജ്യോത്സ്യനും മകനും അറസ്റ്റിൽ. കർണാടക ധർമസ്ഥല ബെലാളുവിലെ റിട്ട. അധ്യാപകനായ ബാലകൃഷ്ണ വടക്കില്ലായയെ (83) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുള്ളേരിയ ബെള്ളിഗെ ഒടമ്പളയിലെ ജ്യോത്സ്യൻ രാഘവേന്ദ്ര കെദില്ലായ (53), മകൻ മുരളീകൃഷ്ണ (20) എന്നിവരെയാണ് ധർമസ്ഥല പോലീസ് അറസ്റ്റ് ചെയ്തത്. ഒടമ്പളയിലെ വീട്ടിൽനിന്നാണ് ഇരുവരും അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലകൃഷ്ണനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പകൽ മറ്റാരും വീട്ടിലില്ലാത്ത സമയത്താണ് പ്രതികൾ കൃത്യം നിർവഹിച്ചത്.
ബാലകൃഷ്ണയുടെ ഭാര്യയും വിരമിച്ച അധ്യാപികയുമായ യു. ലീല (75) നാലുവർഷം മുമ്പ് മരിച്ചിരുന്നു. അവരുടെ സ്വർണാഭരണങ്ങൾ മകളും രാഘവേന്ദ്രയുടെ ഭാര്യയുമായ വിജയലക്ഷ്മിക്ക് നൽകിയിരുന്നില്ല. സ്വത്ത് വിഹിതം പങ്കിടാത്തതിനാൽ പ്രശ്നങ്ങളുണ്ടായി. ഇതാണ് കൊലപാതകത്തിന് പ്രേരണ.പ്രതികളായ പിതാവും മകനും കാസർകോട്ടെ വീട്ടിൽനിന്ന് സ്കൂട്ടറിലാണ് വെട്ടുകത്തിയുമായി സ്ഥലത്തെത്തിയത്. മുരളീകൃഷ്ണ പിന്നിൽനിന്ന് മുത്തച്ഛന്റെ കഴുത്ത് വെട്ടി. രക്ഷപ്പെടാൻ ശ്രമിച്ച് മുറ്റത്തേക്ക് ഓടിയ ബാലകൃഷ്ണയെ പ്രതികൾ വെട്ടുകത്തികൊണ്ട് പലതവണ ആക്രമിച്ചു.
ധർമസ്ഥാല പൊലീസ് കാസർകോട്ടെ വീട്ടിലെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തശേഷമാണ് കൊലപാതകത്തിന് പിന്നിലുള്ള രഹസ്യങ്ങൾ വെളിപ്പെട്ടത്. ബാലകൃഷ്ണയുടെ ചെറുമകൻ സുരേഷ് ഭട്ടിനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് ഇരുവരും മൊഴി നൽകി. വിരമിച്ച അധ്യാപകരായ ബാലകൃഷ്ണ ബാഡേകില്ല-ലീല ദമ്പതികൾക്ക് മൂന്ന് മക്കളാണ്. മൂത്തമകൻ ഹരിഷ് ഭട്ട് ബംഗളൂരുവിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൾ വിജയലക്ഷ്മി (49) 22 വർഷം മുമ്പാണ് പ്രതി രാഘവേന്ദ്ര കെഡിലായയെ വിവാഹം കഴിച്ചത്. ഈ ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്ത മൂത്തയാളാണ് പിതാവിനൊപ്പം അറസ്റ്റിലായത്. സുരേഷ് ഭട്ട് (48) അവിവാഹിതനാണ്.