26 August, 2024 10:07:33 AM


ഇൻഷുറൻസ് തുക കിട്ടാൻ രൂപസാദൃശ്യമുള്ളയാളെ കൊന്ന് സ്വന്തം മരണമാക്കി; വ്യവസായി പിടിയിൽ



ബെംഗളൂരു: രണ്ട് കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ രൂപസാദൃശ്യമുള്ളയാളെ കൊലപ്പെടുത്തിയ സംഭവത്തിൽ വ്യവസായി അറസ്റ്റിൽ. കേരള പൊലീസിനെ കുഴപ്പിച്ച പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ കുറ്റകൃത്യത്തെ അനുസ്മരിപ്പിക്കുന്നതാണ് ബെംഗളൂരുവിലെ കൊലപാതകം. മുനിസ്വാമി എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ ശിൽപറാണി ഒളിവിലാണ്. ഇരുവരും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. മുനിസ്വാമിയുടെ രൂപസാദൃശ്യമുള്ളയാളെ കൊലപ്പെടുത്തിയ ശേഷം ലോറിയിടിച്ചുള്ള അപകടമരണമാക്കി വരുത്തിതീർക്കാനാണ് ശ്രമിച്ചത്. മുനിസ്വാമിക്കു പുറമേ 5 പേരെ കൂടി ഹാസൻ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഹാസൻ അരസിക്കരെ ഗണ്ഡാസി ഗ്രാമത്തിൽ ഓഗസ്റ്റ് 12നാണ് വ്യാജ അപകടമുണ്ടാക്കിയത്.

കൊലപാതകം നടത്തിയ ശേഷം, മരിച്ചത് ഭർത്താവാണെന്ന് ശിൽപ റാണി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചു. എന്നാൽ, സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ പൊലീസ് ഇൻസ്പെക്ടർ മുനിസ്വാമി ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തി. തുടർന്ന് മുനിസ്വാമിയെ ചോദ്യംചെയ്തപ്പോഴാണ് ആൾമാറാട്ട കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ലക്ഷങ്ങളുടെ കടബാധ്യതയുള്ളതിനാലാണ് ഇത്തരമൊരു പദ്ധതിയിട്ടതെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. തന്റെ രൂപസാദൃശ്യമുള്ളയാളെ മാസങ്ങൾക്കു മുൻപേ മുനിസ്വാമി കണ്ടെത്തിയിരുന്നു. ഹൊസ്കോട്ടയിൽ ടയർ കട നടത്തുന്ന ഇയാളുമായി സൗഹൃദം സ്ഥാപിച്ചതിനു ശേഷം, സിദ്ധലഘട്ടയിലെ തന്റെ വീട്ടിലേക്കു ക്ഷണിക്കുകയും കാറിൽ കൊണ്ടുപോകുകയും ചെയ്തു. ക്വട്ടേഷൻ നൽകിയ ലോറി ഡ്രൈവറോട് കാറിനെ പിന്തുടരാനും വഴിയിൽ വച്ച് പിന്നിൽ ഇടിക്കാനും മുനിസ്വാമി നിർദേശിച്ചിരുന്നു.

രാത്രി ഗൊല്ലരഹൊസഹള്ളിയിലെ വിജനമായ പ്രദേശത്ത് വച്ച് കാർ കേടായെന്ന പേരിൽ മുനിസ്വാമി പുറത്തിറങ്ങി. സുഹൃത്തിനോട് ടയർ മാറ്റാൻ സഹായിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന്, ഇയാളുടെ കഴുത്തിൽ കയർ കുരുക്കി മരണം ഉറപ്പാക്കി. പിന്നീട്, ലോറി ഡ്രൈവർക്ക് സിഗ്‌നൽ നൽകുകയും കാറിന്റെ പിന്നിൽ ഇടിപ്പിക്കുകയും മരിച്ചയാളുടെ ദേഹത്തുകൂടി ലോറി കയറ്റിയിറക്കുകയും ചെയ്തു. തുടർന്ന്, സംഘം കടന്നുകളഞ്ഞു. മരിച്ചയാളെ തിരിച്ചറിയാനും ഒളിവിലുള്ള ശിൽപ റാണിയെ കണ്ടെത്താനും അന്വേഷണം പുരോഗമിക്കുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K