24 August, 2024 08:45:17 PM
വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ
കോട്ടയം: വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മുഹമ്മ കണിയാകുളം ഭാഗത്ത് നായിക്കപ്പറമ്പിൽ വീട്ടിൽ കൃഷ്ണമ്മ (43), ആലപ്പുഴ മുഹമ്മ ആര്യക്കര അമ്പലം ഭാഗത്ത് പുളിമൂട്ടിൽ വീട്ടിൽ അജിത.എസ് (50) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേര്‍ന്ന് കഴിഞ്ഞ മാസം പത്താം തീയതി പുതുപ്പള്ളി സ്വദേശിനിയായ വീട്ടമ്മയുടെ വീട്ടിൽ കത്തി, പുൽത്തൈലം തുടങ്ങിയവയുടെ വില്പനയ്ക്കായെത്തുകയും, തുടർന്ന് സംഭാഷണത്തിലൂടെ വീട്ടമ്മയുമായി കൂടുതൽ അടുപ്പം സ്ഥാപിച്ച് വീടിന് ദോഷമുണ്ടെന്നും പരിഹാരത്തിനായി സ്വർണാഭരണങ്ങൾ പൂജിക്കണമെന്ന് വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിക്കുകയുമായിരുന്നു. ഇത് വിശ്വസിച്ച വീട്ടമ്മ സ്വർണാഭരണങ്ങള്‍ പൂജിക്കുന്നതിനായി വീടിന്റെ സെറ്റിയില്‍ വയ്ക്കുകയും, പൂജ പൂർത്തീകരിക്കണമെങ്കിൽ വീടിന്റെ പരിസരത്ത് നിന്നും കല്ലുകളോ, മറ്റ് സാധനങ്ങളോ കൂടി വേണമെന്ന് ഇവർ അറിയിച്ചതിനെ തുടർന്ന് വീട്ടമ്മ അത് എടുക്കുന്നതിനായി മാറിയ സമയം ഇവർ സെറ്റിയില്‍ വച്ചിരുന്ന സ്വർണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയി ലൂടെ ഷാജിതാ ഷെരീഫ്, സുലോചന എന്നിവരെ കഴിഞ്ഞദിവസം പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൃഷ്ണമ്മയും അജിതയും ഇവരുടെ കൂടെ ഉണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തുന്നത്. ഷാജിതയും, സുലോചനയും വീട്ടിൽ കയറിയ സമയം ഇവരുടെ സംഘത്തിൽ ഉണ്ടായിരുന്ന ഇവർ ഇരുവരും പരിസരം നിരീക്ഷിച്ച് വെളിയിൽ നിൽക്കുകയുമായിരുന്നു. ഇതിനു ശേഷം മോഷ്ടിച്ച സ്വർണ്ണം അജിതയും,കൃഷ്ണമ്മയും ചേർന്ന് കോട്ടയത്തുള്ള സ്വർണക്കടയിൽ വിൽപ്പന നടത്തി പണം നാലുപേരും ചേർന്ന് വീതിച്ചെടുത്തതായും പോലീസിനോട് പറഞ്ഞു.കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്, എസ്.ഐ മാരായ നെൽസൺ, തോമസ്, ജിജി ലൂക്കോസ്, എ.എസ്.ഐ മാരായ തോസണ്‍,സബീന സി.പി.ഓ മാരായ പ്രതീഷ് രാജ്, അജിത്ത്, അജേഷ്, വിവേക്, ഗിരീഷ്, സുരമ്യ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.