23 August, 2024 04:57:41 PM


വാതിലില്‍ മുട്ടി എന്ന് പറഞ്ഞാല്‍ അന്വേഷിക്കുക തന്നെ വേണം; ഒഴിഞ്ഞുമാറരുതെന്ന് ജഗദീഷ്



തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണം വൈകിയതിൽ അമ്മയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് നടൻ ജ​ഗദീഷ്. ഒറ്റപ്പെട്ട സംഭവമാക്കി ഒഴിഞ്ഞുമാറാൻ സാധിക്കില്ല. പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. നടിമാർ വാതിൽ മുട്ടിയെന്ന് പറയുമ്പോൾ എവിടെ മുട്ടി എന്ന് ചോദിക്കേണ്ട കാര്യമില്ല. ഇരയുടെ പേര് ഒഴിവാക്കാം. വേ‌ട്ടക്കാരന്റെ പേര് വെട്ടിമാറ്റേണ്ടതില്ല. പേജുകൾ എന്തുകൊണ്ട് ഒഴിവാക്കിയെന്നതിൽ സർക്കാർ വ്യക്തമായ വിശദീകരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഇനിയും ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നേരത്തെ അന്വേഷണം നടത്തിയിരുന്നെങ്കിൽ ഇന്ന് പല വിഷയങ്ങളിലും വലിയ മാറ്റം സംഭവിച്ചേനെയെന്നും ജഗദീഷ് വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർ‌ട്ട് പുറത്തുവന്നതോടെ സിനിമ മേഖലയിൽ ഒരു ഭയമുണ്ട്. ഇത്തരം സംഭവങ്ങളുണ്ടായാൽ ചോദിക്കാനും പരാതി പറയാനും ഒരിടമുണ്ടെന്ന തോന്നലുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ടിലെ പരാതികളെ കുറിച്ച് സമ​ഗ്രമായ അന്വേഷണം നടത്തേണ്ടതാണ്. അതിൽ നിന്നും അമ്മയ്ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ഒഴിഞ്ഞ് മാറാൻ കഴിയില്ല. മോശമായി പ്രവർത്തിച്ചവർ ശിക്ഷിക്കപ്പെടണം. ഒരു കേസാണെങ്കിലും നടപടി വേണം. നമ്മുടെ പേര് വന്നിട്ടില്ലെന്ന് കരുതി ഇതിൽ നിന്നും ഒഴി‍ഞ്ഞുമാറാൻ പാടില്ല. ഹേമ കമ്മിറ്റിയിലെ നിർദേശങ്ങൾ വ്യാഖാനിക്കുമ്പോൾ സിനിമാ മേഖലയുടെ ആകെ സ്വഭാവത്തെ ബാധിക്കരുത്. വിജയിച്ച നടന്മാരോ നടിമാരോ ഇത്തരത്തിൽ തെറ്റായ വഴികളിലൂടെ സഞ്ചരിച്ചാണ് വിജയം കൈവരിച്ചത് എന്ന് റിപ്പോർട്ടിൽ എവിടെയും പരാമർശിച്ചിട്ടില്ല.

നടിമാർ വാതിൽ മുട്ടിയെന്ന് പറയുമ്പോൾ എവിടെ മുട്ടി എന്ന് ചോദിക്കേണ്ട കാര്യമില്ല. പരാതി ലഭിച്ചാൽ അത് പരിശോധിക്കണം. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് മാറ്റിനിർത്തുന്നത് ശരിയല്ല. ഒറ്റപ്പെട്ട സംഭവങ്ങൾ പോലും അന്വേഷണം ആരംഭിച്ച് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നാണ് അമ്മയുടെയും നിലപാട്. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങളാണെങ്കിലും ഇനിയും അത് ആവർത്തിക്കാതിരിക്കാൻ വിഷയത്തിൽ റിപ്പോർട്ട് മുന്നോ‌ട്ട് വെച്ച നിർദേശങ്ങൾക്ക് സാധിക്കട്ടെയെന്നാണ് സംഘടനയുടേയും ആ​ഗ്രഹം. സിനിമയിൽ മാത്രമല്ല മറ്റ് തൊഴിലിടങ്ങളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നില്ലേ എന്ന ചോദ്യം ശരിയല്ല. സിനിമാ മേഖലയിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് വ്യക്തമായി പരിശോധിച്ച് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്. പൊതുവത്ക്കരണം നടക്കുന്നത് ശരിയല്ല. റിപ്പോർട്ട് പുറത്ത് വരാൻ താമസിച്ചു, അത് പാടില്ലായിരുന്നു. അന്നേ പ്രസിദ്ധീകരിക്കേണ്ടതായിരുന്നു. ഇരയുടെ പേര് ഒഴിവാക്കാം. വേ‌ട്ടക്കാരന്റെ പേര് വെട്ടിമാറ്റേണ്ടതില്ല. സമൂഹത്തിലെ ഭാ​ഗമെന്ന നിലയിൽ സിനിമയിൽ ഇത്തരം പുഴുക്കുത്തുകൾ ഉണ്ടെങ്കിൽ അവരെ പുറത്തെടുക്കേണ്ട ഉത്തരവാദിത്തം അമ്മ ഏറ്റെടുക്കണം.

ഹേമകമ്മിറ്റി അഞ്ച് വർഷങ്ങൾക്ക് മുമ്പ് രൂപീകരിക്കപ്പെട്ടതാണ്. സമീപകാലത്ത് റിപ്പോർട്ടിൽ ഉന്നയിച്ച പല കാര്യങ്ങളിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്ന് കരുതി കമ്മിറ്റിക്ക് മുമ്പാകെ നൽകിയ മൊഴികൾ അപ്രസക്തമാകുന്നില്ല. അ‍ഞ്ച് വർഷത്തിന് മുൻപ് നടന്നാലും പത്ത് വർഷത്തിന് മുൻപ് നടന്നാലും ലൈം​ഗിക അതിക്രമങ്ങൾ ഒരിക്കലും സ്വാ​ഗതം ചെയ്യപ്പെടേണ്ടതല്ലെന്നും ജ​ഗദീഷ് കൂട്ടിച്ചേർത്തു. ആരോപണ വിധേയരായവർ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ തെളിയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K