19 August, 2024 04:43:55 PM
സ്വകാര്യഭാഗങ്ങളിലടക്കം 14 മുറിവുകൾ, ക്രൂര മർദനം; പിജി ഡോക്ടറുടെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്
കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഡോക്ടര്‍ അതിക്രൂര ലൈംഗികാതിക്രമത്തിന് ഇരയായി. ശരീരത്തില്‍ 14 മുറിവുകളുണ്ട്. മുറിവുകളെല്ലാം മരണത്തിന് മുമ്പേയുള്ളതാണ് എന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡോക്ടറുടെ തല, കവിള്‍, ചുണ്ടുകള്‍, മൂക്ക്, വലത് താടിയെല്ല്, താടി, കഴുത്ത്, ഇടത് കൈ, ഇടത് തോള്‍, ഇടത് കാല്‍മുട്ട്, കണങ്കാല്‍, ജനനേന്ദ്രിയം തുടങ്ങി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവുകള്‍ കണ്ടെത്തിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയിട്ടുള്ളത്. ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. ജനനേന്ദ്രിയത്തില്‍ നിന്നും സ്രവം കണ്ടെത്തിയിട്ടുണ്ട്.
ജനനേന്ദ്രിയത്തിലുണ്ടായ മുറിവുകള്‍ ബലാത്സംഗം നടന്നതിന്റെ ലക്ഷണമാണ്. രക്തത്തിന്റെയും ശരീരത്തില്‍ നിന്ന് കണ്ടെടുത്ത മറ്റ് സ്രവവും വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ക്രൂരമായ കൊലപാതകമാണ് നടന്നിട്ടുള്ളതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പ്രതിഷേധിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും ജൂനിയര്‍ ഡോക്ടര്‍മാരുടെയും വാദങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്ന് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നു.
ക്രൂരമായ ബലാത്സംഗവും കൊലപാതകവുമാണ് നടന്നിട്ടുള്ളത്. കൃത്യത്തിന് പിന്നില്‍ ഒരു വ്യക്തി മാത്രമല്ലെന്നും, കൂടുതല്‍ പേര്‍ പങ്കാളികളാണെന്നുമുള്ള വാദം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ സാധൂകരിക്കുന്നതാണെന്ന് മെഡിക്കല്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേസുമായി ബന്ധപ്പെട്ട് സിവിക് വോളണ്ടിയറായ സഞ്ജയ് റോയ് എന്നയാളെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുകയാണ്.