17 August, 2024 01:21:58 PM
ട്രെയിനിൽ നിന്ന് ലാപ്പ്ടോപ്പും മൊബൈൽ ഫോണും പതിവായി മോഷണം; ആസാം സ്വദേശി പിടിയിൽ
കോട്ടയം : മോഷണം പോയ ലാപ്പ്ടോപ്പ് ഓണായതോടെയാണ് പ്രതിയെ പിടി കൂടാൻ കോട്ടയം റെയിൽവേ പോലീസിന് കഴിഞ്ഞത്. ആസാമിലെ നാഗ ജില്ല സ്വദേശി ജുരായിര പുസ്കിയ മൈനുൾ ഹക്ക് (21) നെയാണ് കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ റെജി പി. ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഗസ്റ്റ് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. തൃശൂരിൽ നിന്നും തിരുവനന്തപുരത്തിന് പൂനൈ കന്യാകുമാരി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു തിരുവനന്തപുരം സ്വദേശിയുടെ ലാപ്ടോപ്പാണ് പ്രതി മോഷ്ടിച്ചത്. ട്രെയിൻ കോട്ടയം ഭാഗത്ത് എത്തിയപ്പോൾ ഇയാൾ ലാപ്ടോപ്പ് മോഷ്ടിച്ച ശേഷം ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു. തിരുവനന്തപുരത്ത് എത്തിയതോടെയാണ് ലാപ്ടോപ്പ് മോഷണം പോയ വിവരം പരാതിക്കാരൻ അറിയുന്നത്. തുടർന്ന് ഇദ്ദേഹം തിരുവനന്തപുരം റെയിൽവേ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം കോട്ടയം റെയിൽവേ പോലീസിന് കൈമാറി.
പോലീസ് സംഘം പ്രതിയുടെ വിവരങ്ങൾ സസൂക്ഷ്മമായി നിരീക്ഷണം ചെയ്യുന്നതിനിടെ മോഷണം പോയ ലാപ്ടോപ്പ് പെരുമ്പാവൂരിൽ ഓൺ ആയതായി കണ്ടെത്തി. തുടർന്ന് പെരുമ്പാവൂരിലെ കടയുടമേ ബന്ധപ്പെട്ടപ്പോൾ , ലാപ്ടോപ്പ് വിറ്റയാളുടെ ചിത്രം പോലീസിന് ലഭിച്ചു. ഇതിൻറെ അടിസ്ഥാനത്തിൽ പോലീസ് സംഘം പരിശോധന ശക്തമാക്കി. ഇതിനിടെ പ്രതി മറ്റൊരു മൊബൈൽ ഫോണുമായി ഇതേ കടയിൽ തന്നെ വീണ്ടും എത്തി. ഈ വിവരം കടയുടമ കോട്ടയം റെയിൽവേ പോലീസ് അ സംഘത്തെ അറിയിച്ചു. ഇതേ തുടർന്ന് കോട്ടയം റെയിൽവേ പോലീസ് സ്ക്വാഡ് സംഘം സ്ഥലത്ത് എത്തി പ്രതിയെ കസ്റ്റഡിൽ എടുത്തു. ഇയാളിൽ നിന്നും മറ്റൊരു മൊബൈൽ ഫോണും പിടിച്ചെടുത്തു.
എസ് എച്ച് ഒ റെജി പി. ജോസഫ് , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രതീഷ് , ദിലീപ് , സിവിൽ പൊലീസ് ഓഫിസർ രാഹുൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.