14 August, 2024 12:33:46 PM


വയനാട് ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍



തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാ
പിച്ച് സംസ്ഥാന സര്‍ക്കാര്‍. മരിച്ചവരുടെ  കുടുംബാംഗങ്ങളില്ലെങ്കിൽ അടുത്ത ബന്ധുക്കൾക്ക് ധനസഹായം നല്‍കും. ഇതിനായി  പിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കാണാതായ വ്യക്തികളുടെ ആശ്രിതർക്കും ധനസഹായം ഉണ്ടാകും. 70 % അംഗവൈകല്യം ബാധിച്ചവർക്ക് 75000 രൂപയും അതിൽ കുറവുള്ളവർക്ക് 50000 രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദുരിത ബാധിത കുടുംബത്തിന് പ്രതിമാസം 6000 രൂപ വാടക ഇനത്തിൽ നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ബന്ധുവീടുകളിലേക്ക് മാറുന്നവർക്കും വാടക തുക ലഭിക്കും. സ്പോൺസർഷിപ്പ് കെട്ടിടങ്ങളിലോ സർക്കാർ സംവിധാനങ്ങളിലേക്കോ മാറുന്നവർക്ക് വാടക തുക ലഭിക്കില്ല. രേഖകൾ നഷ്ടമായവർക്ക് പുതുക്കിയ രേഖ വാങ്ങാമെന്നും ഇതിന് ഫീസ് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊലീസ് നടപടി പൂർത്തിയാക്കി കാണാതായവരുടെ പട്ടിക തയ്യാറാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

118 പേരെ ഡിഎൻഎ പരിശോധനയിൽ ഇനിയും കണ്ടെത്താനുണ്ട്. വിദഗ്ധ സംഘത്തിന്‍റെ സമഗ്ര റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ദുരന്തം ബാധിച്ച് മേഖലയിലെ പുനരധിവാസം സംബന്ധിച്ച് തീരുമാനമെടുക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭൂവിനിയോഗ രീതികൾ ഈ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും. വിശദമായ ലിഡാർ സർവേ നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K