12 August, 2024 08:42:43 AM


യുവാവിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ഒരാൾ പിടിയിൽ



കുറവിലങ്ങാട് : യുവാവിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിൽ കവർച്ചാസംഘം ഉപയോഗിച്ച കാറിന്റെ ഉടമയെ  പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂർ വെട്ടം ഭാഗത്ത് മേലെ വീട്ടിൽ( എറണാകുളം വെണ്ണല ഭാഗത്തെ ഫ്ലാറ്റിൽ ഇപ്പോൾ താമസം ) മൊയ്ദീൻ ഷിറാസ് (29) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.ഈ മാസം അഞ്ചാം തീയതി കാണക്കാരിക്ക് സമീപം രത്നഗിരി പള്ളി ഭാഗത്ത് വച്ച് ഓട്ടോറിക്ഷയിൽ  സഞ്ചരിക്കുകയായിരുന്ന മലപ്പുറം പൊന്നാനി  സ്വദേശിയായ യുവാവിനെ കാറിൽ എത്തിയ കവർച്ചാസംഘം തടഞ്ഞുനിർത്തി ഓട്ടോറിക്ഷയുടെ ഗ്ലാസ്‌ അടിച്ചു തകര്‍ത്ത് യുവാവിനെ ആക്രമിച്ച്  കൈവശം ഉണ്ടായിരുന്ന ഒരു ലക്ഷം രൂപയും, 20,000 രൂപ വില വരുന്ന മൊബൈൽ ഫോണും കവർച്ച ചെയ്തു കടന്നുകളയുകയായിരുന്നു. 

പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ കവര്‍ച്ചാസംഘം ഉപയോഗിച്ച കാർ മൊയ്തീൻ ഷിറാസിന്റെ ആണെന്ന് പോലീസ് സംഘം കണ്ടെത്തുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. കവർച്ചാ സംഘത്തിന് വാഹനം നൽകിയതിനും, തുടർന്ന് കൃത്യത്തിന് ശേഷം ഇവരെ ഒളിവിൽ പോകാൻ സഹായിച്ചതിനുമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്. ഓ അജീബ് ഇ, എസ്.ഐ മാരായ സാജു ടി.ലൂക്കോസ്, ലെബിമോൻ കെ.എസ്, റോയി വർഗീസ്, സി.പി.ഓ മാരായ ശ്യാംകുമാർ, പ്രവീൺകുമാർ, പ്രേംകുമാർ, ഡിപിൻ,ഗിരീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K