10 August, 2024 09:52:34 AM


പ്രണയം അമ്മയോട് പറഞ്ഞതിന്‍റെ വൈരാ​ഗ്യം: വ്യാജ പീഡന പരാതി നൽകി വിദ്യാർഥിനി യുവാക്കളെ കുടുക്കി



കൊച്ചി: സഹപാഠിയുമായുള്ള പ്രണയബന്ധത്തിന് തടസ്സം നിന്നതിന്റെ പേരിൽ രണ്ട് യുവാക്കളെ പീഡനക്കേസിൽ കുരുക്കി പെൺകുട്ടി. പ്രായപൂർത്തിയാകാത്ത വിദ്യാർഥിനി നൽകിയ വ്യാജ പീഡന പരാതിയിലാണ് ബന്ധുക്കളായ യുവാക്കൾക്ക് 68 ദിവസം ജയിലിൽ കഴിയേണ്ടിവന്നത്. പരാതി വ്യാജമാണെന്ന് വെളിപ്പെടുത്തി പെൺകുട്ടി നേരിട്ടെത്തിയതോടെ ഹൈക്കോടതി രണ്ടു യുവാക്കൾക്കും ജാമ്യം അനുവദിച്ചു.

യുവാക്കളിൽ ഒരാൾ 2017-ൽ താൻ ആറാംക്ലാസിൽ പഠിക്കുമ്പോഴും മറ്റൊരാൾ കഴിഞ്ഞവർഷവും പീഡനത്തിനിരയാക്കിയെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. തുടർന്നാണ് 19, 20 വയസ്സുള്ള യുവാക്കൾക്കെതിരെ എറണാകുളം തടിയിറ്റപ്പറമ്പ് പൊലീസാണ് കേസ് രജിസ്റ്റർചെയ്തത്. പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകൾക്കുപുറമേ ബലാത്സംഗത്തിനും കേസെടുത്തു.

ഇരുവരുടെയും ജാമ്യഹർജിയോടൊപ്പം പരാതി വ്യാജമാണെന്ന്‌ പെൺകുട്ടിയും പിതാവും സത്യവാങ്മൂലം ഫയൽചെയ്തിരുന്നു. ഇതു പ്രകാരം കോടതി പെൺകുട്ടിയെ വിളിച്ചുവരുത്തി സംസാരിച്ചു. സഹപാഠിയുമായുള്ള പ്രണയം അമ്മയോട് പറഞ്ഞതിന്റെ വൈരാഗ്യത്തിനാണ് തെറ്റായ പരാതിനൽകിയതെന്ന് പെൺകുട്ടി കോടതിയിൽ പറഞ്ഞു. യുവാക്കൾ അറസ്റ്റിലാകുമെന്നും ജയിലിലാകുമെന്നും കരുതിയില്ലെന്നും അവർ തെറ്റുചെയ്തിട്ടില്ലെന്നും പെൺകുട്ടി കോടതിയിൽ ബോധിപ്പിച്ചു. പൊലീസ് വീട്ടിലെത്തിയപ്പോഴാണ് മകൾ പരാതി നൽകിയ വിവരം അറിയുന്നത് എന്നാണ് അച്ഛൻ വ്യക്തമാക്കിയത്.

പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്നതിന് ഉദാഹരണമാണിതെന്ന് കോടതി പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടികൾ നൽകുന്ന പീഡനപരാതിയിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുംമുൻപ് ജാഗ്രതവേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാർ മാർഗനിർദേശങ്ങൾക്ക് രൂപംനൽകണം. പ്രായപൂർത്തിയാകാത്ത കുട്ടി തെറ്റായ പരാതിനൽകിയാൽ നടപടിസ്വീകരിക്കുന്നത് നിയമം വിലക്കുന്നുണ്ട്. എന്നാൽ, നിയമം ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നത് വലിയ ഭീഷണിയാണെന്നും കോടതി പറഞ്ഞു. യുവാക്കൾക്ക് സർക്കാർ ചെലവിൽ കൗൺസലിങ് നൽകാനും ജസ്റ്റിസ് സി.എസ്. ഡയസ് ഉത്തരവിട്ടു. 50,000 രൂപയുടെ ബോണ്ടിലും തുല്യതുകയുടെ രണ്ട് ആൾജാമ്യത്തിലുമാണ് യുവാക്കൾക്ക് ജാമ്യം അനുവദിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K