09 August, 2024 03:19:08 PM


അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ; ക്യാമ്പിലുള്ള ഓരോ കുടുംബത്തിനും 10,000 രൂപ



തിരുവനന്തപുരം: ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍. ക്യാംപില്‍ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതം അനുവദിക്കും. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് 300 രൂപ വീതം ദിവസവും നല്‍കും.

ഇപ്രകാരം ഒരു കുടുംബത്തിലെ രണ്ടുപേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കിടപ്പുരോഗികളോ ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിയുന്ന രോഗികളോ ഉണ്ടെങ്കില്‍, കുടുംബത്തിലെ മൂന്നുപേര്‍ക്ക് ആനുകൂല്യം ലഭിക്കും. 30 ദിവസത്തേക്കാണ് ഈ തുക നല്‍കുക.

മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ ദുരന്തത്തെത്തുടര്‍ന്ന് ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് മറ്റൊരു വാസസ്ഥലത്തേക്ക് തിരിച്ചു പോകുമ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ മാറാന്‍ കഴിയുന്ന വിധമുള്ള താമസ സൗകര്യം ഒരുക്കാനാകുമോ എന്നതില്‍ കലക്ടറുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കലക്ടറുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് വാടക നിശ്ചയിച്ച് അനുവദിക്കും.

ഉരുള്‍പൊട്ടലില്‍ ഒന്നും അവശേഷിക്കാത്തവര്‍ക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മുണ്ടക്കൈ, ചൂരല്‍ മല പ്രദേശത്തെ ദുരന്തബാധിതരായ എല്ലാവര്‍ക്കുമാണ് സഹായം ലഭിക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K