07 August, 2024 09:36:54 AM


അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീനെ കണ്ണൂരിലെ വിവിധിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ്



കണ്ണൂർ: അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീനെ ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ കേളകം പോലീസ് സ്റ്റേഷന്റെ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ആലപ്പുഴയിൽ നിന്നാണ് കഴിഞ്ഞ ദിവസം സി.പി മൊയ്തീനെ അറസ്റ്റ് ചെയ്തത്.

മാവോയിസ്റ്റ് നേതാവ് സി.പി.മൊയ്തീനെ കേളകം പോലീസ് സ്റ്റേഷൻ പരിധിയിലെ അമ്പായത്തോട്, മേലെ പാൽ ചുരം, താഴെ പാൽ ചുരം, രാമച്ചി എന്നിവിടങ്ങളിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. എറണാകുളത്ത്‌ നിന്നും കനത്ത സുരക്ഷയിൽ ചൊവ്വാഴ്ച്ച രാവിലെ 11.30ഓടെയോടെയാണ് കൊട്ടിയൂർ അമ്പായത്തോട്ടിലെത്തിച്ചത്. സി.പി.മൊയ്തീൻ ഉൾപ്പെടെയുള്ള മാവോയിസ്റ്റുകൾക്കെതിരെ കേളകം പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ട്. ഇതിൽ ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കുന്ന കേസുകളിലാണ് തെളിവെടുപ്പുണ്ടായത്. 

അമ്പായത്തോട് പോസ്റ്റർ പതിച്ച കേസിലും, കേളകം പഞ്ചായത്തംഗം സജീവനെ രാമച്ചിയിലെ വീട്ടിൽ കയറി അക്രമിച്ച കേസിലുമാണ് കേളകത്ത് തെളിവെടുപ്പ് നടത്തിയത്. പഞ്ചായത്തംഗം സജീവൻ പാലുമ്മിയെ രാമച്ചിയിലെ വീട്ടിലെത്തി അക്രമിച്ച മാവോയിസ്റ്റ് സംഘത്തിൽ മൊയ്തീനും ഉൾപ്പെട്ടിരുന്നു. ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിൽ കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. രണ്ടരയോടെ അന്വേഷണ സംഘം പ്രതിയുമായി എറണാകുളത്തേക്ക് മടങ്ങി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K