05 August, 2024 08:02:53 PM
എ.ടി.എം കാർഡുകൾ ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് : മുഖ്യ പ്രതി അറസ്റ്റിൽ
കോട്ടയം: വിവിധ ബാങ്കുകളുടെ എടിഎം കാർഡുകൾ ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതിയായ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ സന്ദീപ് കുമാർ തിവാരി (30) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും കൂട്ടാളികളും ചേർന്ന് 2023 ൽ കോട്ടയം അര്‍ബന്‍ ബാങ്കിന്റെ ജില്ലയിലെ വിവിധ എ.ടി.എമ്മു കളിൽ കയറി പലതവണകളായി 68, 42,400 (അറുപത്തിയെട്ട് ലക്ഷത്തി നാല്പത്തി രണ്ടായിരത്തി നാനൂറു) രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. ബാങ്കിന്റെ എ.ടി.എമ്മു കളിൽ കയറി പണം എടുത്തതിന് ശേഷം ഇവര്‍ ഉപയോഗിച്ച കാര്‍ഡിന്റെ ബാങ്കിനെ വിളിച്ച് പണം ലഭിച്ചില്ല എന്ന് അറിയിക്കുകയും, തുടർന്ന് ബാങ്ക് വീണ്ടും ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം നല്‍കുകയുമായിരുന്നു. ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നതിനായി ഇവർ 120 ഓളം നാഷണലൈസഡ് ബാങ്കുകളുടെ ഉൾപ്പെടെ എടിഎം കാർഡുകൾ ഉപയോഗിച്ചതായും പോലീസ് കണ്ടെത്തി.
ബാങ്കിന്റെ പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഇയാളും കൂട്ടാളികളും ചേർന്നാണ് തട്ടിപ്പ് നടത്തിയത് എന്ന് കണ്ടെത്തുകയും, അന്വേഷണസംഘം ഇയാളെ ബീഹാറിൽ നിന്നും സാഹസികമായി പിടികൂടുകയുമായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ കെ.ആർ, എസ്.ഐ മാരായ വിദ്യ.വി, ജയകുമാർ കെ, എ.എസ്.ഐ ഗോപകുമാർ കെ.എൻ, സി.പി.ഓ മാരായ സന്തോഷ് പി.കെ, ശ്യാം എസ്.നായർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു. ഈ കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. മറ്റു പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കി.