28 July, 2024 07:03:06 PM


വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ അന്യസംസ്ഥാന സ്വദേശി അറസ്റ്റിൽ

 


ഈരാറ്റുപേട്ട : വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും രണ്ടു ലക്ഷത്തി ഇരുപത്തിയെട്ടായിരം രൂപ (2,28,000)  തട്ടിയ കേസിൽ അന്യസംസ്ഥാന സ്വദേശിയെ  പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് സ്വദേശിയായ നീരവ്കുമാർ പട്ടേൽ (32) എന്നയാളെയാണ് ഈരാറ്റുപേട്ട  പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2023 സെപ്റ്റംബർ മാസം മുതൽ പലതവണകളിലായി പൂഞ്ഞാർ സ്വദേശിനിയായ യുവതിയെ വാട്സാപ്പിലൂടെ ബന്ധപ്പെട്ട് വിദേശരാജ്യമായ സിംഗപ്പൂരിൽ കാഷ്യർ  ജോലി വാങ്ങി  നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്  അക്കൗണ്ടിൽ നിന്നും  പലതവണകളിലായി രണ്ടു ലക്ഷത്തി ഇരുപത്തിയെട്ടായിരം രൂപ (2,28,000)  രൂപ ഇവരിൽനിന്ന് വാങ്ങിയെടുക്കുകയായിരുന്നു. തുടർന്ന് യുവതിക്ക് ജോലി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.


യുവതിയുടെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട  പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ യുവതിയുടെ അക്കൗണ്ടില്‍ നിന്നും ഇയാളുടെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ ഗുജറാത്ത് നിന്ന് പിടികൂടുകയുമായിരുന്നു. ഈ കേസില്‍ കൂടുതൽ അന്വേഷണം നടത്തി വരികയാണ്. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ സുബ്രഹ്മണ്യൻ പി. എസ്, എസ്.ഐ ദീപു. റ്റി.ആർ, സി.പി.ഓ മാരായ രമേഷ്, ബൈജു, ഷാനവാസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K