28 July, 2024 02:14:18 PM
36 വര്‍ഷത്തെ ഒളിവ് ജീവിതം; മാല മോഷണക്കേസില്‍ കുപ്രസിദ്ധ കള്ളന്‍ 'അമ്പിളി' പിടിയില്‍
തിരുവനന്തപുരം: മോഷണ കേസിലെ പ്രതി 36 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി. മാല മോഷണ കേസില്‍ പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെയാണ് 36 വര്‍ഷങ്ങള്‍ക്ക് ശേഷം പാറശ്ശാല പൊലീസ് പിടികൂടിയത്. പാപ്പനംകോട് അരുവാക്കോട് മിനി ഹൗസില്‍ അമ്പിളി എന്ന് വിളിക്കുന്ന സന്തോഷ് (57)നെയാണ് പിടികൂടിയത്.
1988 ല്‍ ഉദിയന്‍കുളങ്ങര സ്റ്റാന്‍ലി ആശുപത്രിയിലെ ജീവനക്കാരിയായ ലളിതാഭായിയുടെ കഴുത്തില്‍ കിടന്ന ഒന്നര പവന്‍ മാല പൊട്ടിച്ചെടുത്ത കേസില്‍ റിമാന്റിലായിരുന്ന പ്രതി ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം നാട് വിടുകയായിരുന്നു. ഈയാള്‍ക്കായി പാറശ്ശാല പൊലീസ് പലതവണ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി അന്‍പതോളം മോഷണ കേസ്സില്‍ ഈയാള്‍ പ്രതിയാണെന്ന് പൊലീസ് വിശദമാക്കുന്നത്. പാറശ്ശാല എസ് എച്ച് ഓ സജി എസ്.എസ് ന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത് കോടതി ഹാജരാക്കി റിമാന്റ് ചെയ്തു.