28 July, 2024 01:44:53 PM


വഞ്ചിയൂരില്‍ വെടിവെപ്പ്: ഒരു യുവതിക്ക് പരിക്കേറ്റു; ആക്രമിച്ചത് സ്ത്രീയെന്ന് മൊഴി



തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരില്‍ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെയ്പ്. മുഖം മറച്ചെത്തിയ സ്ത്രീയാണ് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ വള്ളക്കടവ് സ്വദേശി ഷൈനി എന്ന യുവതിക്ക് പരിക്കേറ്റു. രാവിലെ 8.30 ഓടെയാണ് സംഭവം. വഞ്ചിയൂര്‍ പോസ്റ്റ് ഓഫീസിന് സമീപമായിരുന്നു ആക്രമണം. രാവിലെ മുഖം മറച്ചെത്തിയ ഒരു സ്ത്രീ ഒരു കൊറിയര്‍ ഷൈനിക്ക് നല്‍കാനുണ്ടെന്ന് പറഞ്ഞു വന്നു. ഷൈനിയുടെ ഭര്‍ത്താവിന്റെ അച്ഛനാണ് പാഴ്‌സല്‍ വാങ്ങാനെത്തിയത്.

എന്നാല്‍ ഷൈനിക്ക് മാത്രമേ പാഴ്‌സല്‍ നല്‍കൂവെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചു. ഷൈനിയെത്തുകയും പിന്നീട് വാക്കുതര്‍ക്കം ഉണ്ടാകുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് വെടിവെയ്പ് ഉണ്ടായത്. ഷൈനിയുടെ വലതു കയ്യിലാണ് വെടിയേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു സ്ത്രീയാണ് ആക്രമിച്ചതെന്നാണ് ഷൈനി പൊലീസിനോട് പറഞ്ഞത്. മുഖം മറച്ചും കയ്യില്‍ ഗ്ലൗസും ധരിച്ചാണ് ഇവര്‍ എത്തിയതെന്നും ഷൈനി പൊലീസിനോട് പറഞ്ഞു. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. വ്യക്തിപരമായ എന്തെങ്കിലും വിഷയങ്ങളാണോ വെടിവെപ്പില്‍ കലാശിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K