27 July, 2024 11:30:00 AM
വിവാഹ വാഗ്ദാനം നല്‍കി പൊലിസുകാരുടെ ഉൾപ്പെടെ പണവും സ്വർണ്ണവും തട്ടി; യുവതി പിടിയില്‍
കാസർകോട്; പൊയിനാച്ചി സ്വദേശിയായ യുവാവിൽനിന്നു പണവും സ്വർണവും തട്ടിയെടുത്ത കേസിലെ പ്രതിയായ യുവതിയെ കാസർകോട് മേൽപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനെ (35) ആണ് പൊലീസ് ഉഡുപ്പിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നു പിടികൂടിയത്.
തൃശൂർ സ്വദേശിയായ പൊലീസുകാരൻ കുടുങ്ങിയത് മാട്രിമോണിയിലൂടെ വന്ന വിവാഹ ആലോചനയിലാണ്. പൊലീസുകാരനിൽ നിന്ന് പണം തട്ടാൻ കണ്ണൂരിലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ കൂട്ടുനിന്നെന്നും വിവരം പുറത്തുവരുന്നുണ്ട്. പയ്യാവൂർ പൊലീസ് സ്റ്റേഷനിലെ സി ഐ ആണെന്നും അമ്മാവനെന്നും പറഞ്ഞ് ശ്രുതി ഇയാളെ പരിചയപ്പെടുത്തിയിരുന്നു. ഇയാളുടെ അക്കൗണ്ടിലേക്ക് മാത്രം ശ്രുതി അയപ്പിച്ചത് രണ്ടര ലക്ഷം രൂപയാണ്.
കേരളത്തിലെ നിരവധി പൊലീസ് ഉദ്യോഗസ്ഥരും തട്ടിപ്പിൽ അകപ്പെട്ടിട്ടുണ്ടെന്നാണു സൂചന. സ്വർണവും പണവും തട്ടിയെടുത്ത സംഭവത്തിൽ ജൂൺ 21നാണു ശ്രുതിക്കെതിരെ യുവാവു പരാതി നൽകിയത്. ഒളിവിലായിരുന്ന ശ്രുതിക്ക് വേണ്ടി പൊലീസ് ഊർജിതമായി അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കാസർകോട് ജില്ലാ കോടതി ശ്രുതിക്കു മുൻകൂർ ജാമ്യം നിഷേധിച്ചു. ഇതോടെയാണു തട്ടിപ്പുകാരിയായ യുവതിയെ പിടികൂടിയത്.
വരനെ ആവശ്യമുണ്ടെന്നു പോസ്റ്റ് ചെയ്ത ശേഷം ബന്ധപ്പെടുന്നവരുമായി യുവതി സൗഹൃദം സ്ഥാപിക്കുന്നതായിരുന്നു രീതി. തുടർന്ന് യുവാക്കളിൽനിന്നു പണവും സ്വർണവും ആവശ്യപ്പെടും. ഇവർക്കെതിരെ സമാനമായ ഒട്ടേറെ കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ കേരള പൊലീസിലെ ഒരു എസ്.ഐക്കെതിരെ മംഗളുരുവിൽ യുവതി പരാതി നൽകിയിരുന്നു.
ആശുപത്രിയിൽ വച്ച് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഐഎസ്ആർഒ, ഇൻകംടാക്സ് ഉദ്യോഗസ്ഥ ചമഞ്ഞാണ് ഇവർ പലരേയും കബളിപ്പിച്ചിരുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ശ്രുതി പരാതിക്കാരനായ പൊയിനാച്ചി സ്വദേശിയായ യുവാവിനെയും പരിചയപ്പെട്ടത്. ഐഎസ്ആർഒ ഉദ്യോഗസ്ഥയാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ഇതിനായി ചില വ്യാജ രേഖകൾ ഹാജരാക്കുകയും ചെയ്തു.
പിന്നീട് യുവാവിൽ നിന്ന് ഒരു ലക്ഷം രൂപയും ഒരു പവന്റെ മാലയും തട്ടിയെടുക്കുകയായിരുന്നു. യുവതിക്കെതിരെ പരാതിയുമായി എത്തിയ മറ്റൊരു യുവാവിനെ, മംഗളുരുവിൽ വച്ച് ലൈംഗികാതിക്രമക്കേസിൽ ശ്രുതി കുടുക്കിയിരുന്നു. മംഗളുരുവിൽ ജയിലിലായ യുവാവിൽനിന്ന് 5 ലക്ഷം രൂപയും ശ്രുതി തട്ടിയെടുത്തു.
കേസിൽ പിന്നീട് യുവാവ് ജാമ്യത്തിൽ ഇറങ്ങിയതോടെയാണ് ശ്രുതിയുടെ തട്ടിപ്പിന്റെ ആഴം വ്യക്തമായത്. ഇതിന് പിന്നാലെയാണ് പൊയിനാച്ചി സ്വദേശിയായ യുവാവിന്റെ പരാതിയിൽ മേൽപറമ്പ് പൊലീസ് കേസെടുക്കുകയായിരുന്നു. ശ്രുതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ വൈകാതെ കോടതിയിൽ ഹാജരാക്കും.