26 July, 2024 01:09:06 PM
ഇരുചക്ര വാഹനങ്ങളുടെ പിന്നില്‍ ഇരുന്ന് സംസാരിച്ചാല്‍ പിഴ ചുമത്തുമോ? വാസ്തവം അറിയാം
തിരുവനന്തപുരം: ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് ഡ്രൈവ് ചെയ്യുന്നയാളോട് സംസാരിക്കുന്നത് തടയാനുള്ള നടപടി അപ്രായോഗികമെന്ന് ഗതാഗത മന്ത്രി. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയില്‍ നിന്നുണ്ടാകുന്ന സര്‍ക്കുലറാണിത്. നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്ന് മാത്രമല്ല, പ്രായോഗികവുമല്ല. മന്ത്രിയെന്ന നിലയില്‍ താന്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയത്.
ഇരുചക്ര വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തില്‍ പിന്നിലെ സീറ്റില്‍ ഇരിക്കുന്നയാള്‍ സംസാരിച്ചാല്‍ പിഴയുള്‍പ്പെടെ നടപടിയെടുക്കണമെന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദേശം. ഇരുവരും ഹെല്‍മറ്റ് ധരിച്ച ശേഷമുള്ള സംസാരം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുമെന്നും അപകടങ്ങള്‍ക്ക് കാരണമാകുമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇത് നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണെന്നായിരുന്നു എംവിഡി ഉദ്യോഗസ്ഥരുടെ നിലപാട്.