25 July, 2024 06:16:49 PM


അര്‍ജുന്‍റെ കുടുംബാംഗങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം; കേസെടുത്ത് യുവജന കമ്മീഷന്‍



തിരുവനന്തപുരം: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബാംഗങ്ങള്‍ക്ക് നേരെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ യുവജന കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവികള്‍ക്ക് യുവജന കമ്മീഷന്‍ നിര്‍ദേശം നല്‍കി. സൈബര്‍ ആക്രമണം നടത്തിയ ഫേസ്ബുക്ക്, യുട്യൂബ് അക്കൗണ്ടുകള്‍ കണ്ടെത്തി നടപടി എടുക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രഞ്ജിത്ത് ഇസ്രായേലിനെതിരായ സൈബര്‍ ആക്രമണത്തിലും കേസ് എടുത്തതായി യുവജന കമ്മീഷന്‍ അറിയിച്ചു.

സൈബര്‍ ആക്രമണത്തിനെതിരെ അര്‍ജുന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിനായി സൈന്യം ഇറങ്ങിയ ദിവസം അമ്മ ഷീല വൈകാരികമായി നടത്തിയ പ്രതികരണത്തിലെ ഭാഗങ്ങള്‍ എഡിറ്റ് ചെയ്താണ് കുടുംബത്തിന് നേരെ ചിലര്‍ സൈബര്‍ ആക്രമണം തുടങ്ങിയത്. ഷീലക്കൊപ്പമുണ്ടായിരുന്ന സഹോദരിയും പൊലീസ് ഉദ്യോഗസ്ഥയുമായ ഹേമമാലിനിയെ മാധ്യമ പ്രവര്‍ത്തകയായി ചിത്രീകരിച്ച് ഇവരുടെ ശബ്ദം എഡിറ്റ് ചെയ്ത് മാറ്റിയായിരുന്നു പ്രചാരണം. പട്ടാളത്തെ കുറ്റം പറയാന്‍ അര്‍ജുന്റെ അമ്മയെ പ്രേരിപ്പിച്ചെന്ന നിലയിലാണ് പ്രചാരണം നടക്കുന്നത്. തകര്‍ന്നിരിക്കുന്ന കുടുംബത്തെ ലക്ഷ്യം വെച്ച് നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ കോഴിക്കോട് സൈബര്‍ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. വ്യാജ വീഡിയോകളുള്‍പ്പെടെ പ്രചരിപ്പിച്ച സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

മണ്ണിടിഞ്ഞ ഭാഗത്തെ തിരച്ചിലിന് ആദ്യം മുതലെ രഞ്ജിത്ത് ഉണ്ടായിരുന്നു.രാജ്യം നേരിട്ട പല ദേശീയ ദുരന്തങ്ങളിലും രക്ഷാപ്രവര്‍ത്തകനായി ദ്രുതകര്‍മ്മ സേനയ്‌ക്കൊപ്പം രഞ്ജിത്ത് ഭാഗമായിരുന്നു. 2013ല്‍ ഉത്തരാഖണ്ഡില്‍ നടന്ന മേഘ വിസ്ഫോടനം, 2018ല്‍ കേരളത്തെ നടുക്കിയ പ്രളയദുരന്തം, 2019ലെ കവളപ്പാറ ഉരുള്‍പൊട്ടല്‍, 2020ലെ ഇടുക്കി പെട്ടിമുടി ഉരുള്‍പൊട്ടല്‍, 2021ല്‍ ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ തപോവന്‍ ടണല്‍ ദുരന്തത്തിലും, കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉത്തരാഖണ്ഡിലെ ചാര്‍ധാം തീര്‍ഥാടന പാതയിലെ തുരങ്കത്തില്‍ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യത്തിലും മലയാളിയായ രഞ്ജിത്ത് ഇസ്രായേല്‍ പങ്കാളിയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K