24 July, 2024 06:34:56 PM


ഇരുമ്പ് കമ്പികൊണ്ട് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

 


കിടങ്ങൂർ: ഇരുമ്പ് കമ്പി കൊണ്ട്  യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം ബോട്ട്ജെട്ടി മാഞ്ചിറ ഭാഗത്ത് കളത്തിപ്പറമ്പിൽ വീട്ടിൽ ലിജേഷ് കുമാർ (40), കിടങ്ങൂർ വടുതലപ്പടി ഭാഗത്ത് പാറക്കാട്ട് വീട്ടിൽ ഗിരീഷ് കുമാർ. ജി (53), പെരുമ്പായിക്കാട് നട്ടാശ്ശേരി ഭാഗത്ത് ഉദയംപുത്തൂർ വീട്ടിൽ സതീഷ് കുമാർ.ബി (51) എന്നിവരെയാണ്  കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി 11.00 മണിയോടുകൂടി  ബൈക്കിൽ വരികയായിരുന്ന കിടങ്ങൂർ സ്വദേശിയായ യുവാവിനെ കോയിത്തറപടിക്ക് സമീപം വച്ച് ഓട്ടോയിൽ പിന്തുടർന്നെത്തി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.


കുമരകം ബോട്ട് ജെട്ടിക്ക് സമീപം ലിജേഷ് കുമാർ നടത്തിയിരുന്ന മീൻതട്ട് കിടങ്ങൂർ സ്വദേശിയായ യുവാവ് നടത്തിവന്നിരുന്നത്  നിർത്തുകയാണെന്ന് ലിജേഷിനോട് പറഞ്ഞതിലുള്ള വിരോധം മൂലം, ഇയാളും സുഹൃത്തുക്കളും ചേർന്ന് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും,മര്‍ദ്ദിക്കുകയും ,ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ യുവാവിന് തലയോട്ടിക്ക് പൊട്ടൽ സംഭവിക്കുകയും, തലച്ചോറിൽ ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ചെയ്തു.


പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ മൂവരെയും പിടികൂടുകയുമായിരുന്നു. മരങ്ങാട്ടുപള്ളി   സ്റ്റേഷൻ എസ്.എച്ച്.ഓ അജേഷ് കുമാർ, കിടങ്ങൂർ സ്റ്റേഷൻ എസ്ഐ കുര്യൻ മാത്യു, എ.എസ്.ഐ പ്രീത, സി.പി.ഓ മാരായ സുധീഷ്, അഷറഫ് ഹമീദ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാണ്ട് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K